സിനിമാ ജീവിതത്തില്‍ 1 2 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. സിനിമയുടെ ഭാഗമായിട്ടുളള എല്ലാവര്‍ക്കും കുറിപ്പിലൂടെ അദ്ദേഹം നന്ദി അറിയിച്ചു. 12 വര്‍ഷം കൊണ്ട് താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പേരും സിനിമ റിലീസായ വര്‍ഷവും വിഡിയോ രൂപേണ പങ്കുവച്ചു.
ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ, 12 വർഷം, 50 സിനിമകൾ... ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, സംവിധായകര്‍, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർക്ക് നന്ദി. അവസാനമായി, എന്‍റെ പ്രേക്ഷകർക്ക് - നിങ്ങളുടെ സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്... നിങ്ങളാണ് എന്റെ ലോകം! നിങ്ങളില്ലായിരുന്നുവെങ്കിൽ, ഒരു നടനാകാൻ സ്വപ്നം കണ്ടു നടന്നവനിൽ നിന്ന് ഇന്നത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു. വരൂ... നമുക്കൊരുമിച്ച് ഒരുപാട് ഗംഭീര കഥകൾ പറയാം എന്നാണ് ടൊവിനോ കുറിച്ചത്. നിരവധി പേരാണ് താരത്തിന്‍റെ പോസ്റ്റിനു കമന്‍റുമായെത്തിയത്.
2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്‍റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്. അടുത്തവര്‍ഷം ദുൽഖർ നായകനായ എബിസിഡിയിൽ ഒരു നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമാണ് കിട്ടിയതെങ്കിലും വളരെ ഭംഗിയായി ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.
ആഷിക്ക് അബു സംവിധാനം ചെയ്ത മായാനദിയാണ് കരിയറിൽ വഴിത്തിരിവായ ചിത്രം. മിന്നൽ മുരളി, തല്ലുമാല എന്നീ ചിത്രങ്ങളിലൂടെ കരിയർ ഗ്രാഫുയർത്തിയ താരം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്‍റെ വിജയ ആഘോഷത്തിലാണ്.