unnikannan-mangalam-dam

തമിഴക വെട്രി കഴകത്തിന്‍റെ സമ്മേളന വേദിയില്‍ വിജയ് ആരാധകന്‍ ഉണ്ണിക്കണ്ണന്‍ മംഗലം ഡാം.

വിജയ് ആരാധകനായ ഉണ്ണിക്കണ്ണൻ മം​ഗലം ഡാം സമീപ കാലത്തായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴുത്തിൽ വിജയുടെ ചിത്രവും കയ്യിൽ വിജയുടെ ചിത്രമുള്ള പ്ലക്കാർഡുമേന്തി ഉണ്ണിക്കണ്ണൻ വിക്രവാണ്ടിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്‍റെ സംസ്ഥാന സമ്മേളനത്തിലും എത്തിയിരുന്നു.

Also Read: മകനായി, അണ്ണനായി, തമ്പിയായി താന്‍ ഇനിയുണ്ട്; ബിജെപിയെയും ഡിഎംകെയേയും കടന്നാക്രമിച്ച് വിജയ്

വിജയ്‍യെ നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് എത്തിയതെങ്കിലും സമ്മേളന വേദിയിൽ വിജയ് എത്തുവോളം അവിടെ നിൽക്കാനായില്ലെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്. സമ്മേളന വേദിയിലെ കനത്ത വെയിലാണ് ഇതിന് കാരണം.

'തലവേദനയും ജലദോഷവും കാരണം 12 മണിയോടെ സമ്മേളനം നടക്കുന്ന സ്ഥലത്തു നിന്നും മടങ്ങി. പ്രദേശത്ത് ഭയങ്കര ട്രാഫിക്കാണ്. 12 മണിക്ക് ഇറങ്ങിയതാണ്, പകുതി വഴിയിൽ നിൽക്കുകയാണ്, 10 കിലോമീറ്ററളം നടന്നു. വയ്യാത്തോണ്ടാണ് വിജയെ കാണാൻ നിൽക്കാതെ മടങ്ങുന്നത്. വൈകി നിന്നാൽ വരാൻ വണ്ടി കിട്ടില്ല' എന്നിങ്ങനെയാണ് ഉണ്ണിക്കണ്ണൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. 

Also Read: 2026 തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും, ഒറ്റയ്ക്കു ഭൂരിപക്ഷം നേടും: വിജയ്

എല്ലാവർക്കും മിഠായി കൊടുക്കാൻ ഒരു വലിയ കാൻ നിറയെ മിഠായിയുമായാണ് ഉണ്ണിക്കണ്ണൻ വിക്രവാണ്ടിയിലെ സമ്മേളന വേദിയിലെത്തിയത്. അതേസമയം, തമിഴകവും ഉണ്ണിക്കണ്ണനെ കയ്യടിയോടെയാണ് ഏറ്റെടുത്തത്.

വിജയ്‍യെ കാണണമെന്നും അഭിനയിക്കണമെന്നും പറഞ്ഞ് സമ്മേളന വേദിയിൽ നിന്നും ചിത്രീകരിച്ച വിഡിയോയിൽ വിജയ് ആരാധകർ വലിയ കയ്യടിയോടെയാണ് ഉണ്ണിക്കണ്ണനെ സ്വീകരിക്കുന്നത്. തമിഴിലെ വിവിധ ഓൺലൈൻ മീഡിയ പേജുകളും ഉണ്ണിക്കണ്ണന്‍റെ പ്രതികരണം എടുത്തിട്ടുണ്ട്. 

വിജയ്‍യെ കാണണം എന്നതാണ് ഉണ്ണിക്കണ്ണന്‍റെ  ആ​ഗ്രഹം. താടിയും മുടിയും വെച്ചത് വിജയ് അണ്ണന്‍റെ  കൂടെ അഭിനയിക്കാൻ വേണ്ടിയാണെന്ന് ഉണ്ണിക്കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുറകിൽ നിന്നാൽ മതി, ഡയലോഗ് ഒന്നും വേണ്ട എന്നതാണ് വിജയുടെ ആ​ഗ്രഹം. ആരും സഹായിക്കുന്നില്ല എന്‍റെ കയ്യിൽ കാശില്ല, എല്ലാവരും സപ്പോർട്ട് ചെയ്യണം എന്നും ഉണ്ണിക്കണ്ണൻ വിഡിയോകളിൽ പറയുന്നുണ്ട്. 

നേരത്തെ വിജയ് തിരുവനന്തപുരത്ത് എത്തിയപ്പോഴും ഉണ്ണിക്കണ്ണൻ കാണാൻ ചെന്നിരുന്നു. തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പോയിരുന്നു. അന്ന് ഒരു മിന്നായം പോലെ കണ്ടു. ഇപ്പോൾ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്തു തെറ്റാണ് ചെയ്തത്. കാശുള്ളവന് മാത്രമേ ഇതൊക്കെ പറ്റൂ. എന്നെപ്പോലൊരാൾക്ക് എങ്ങനെ പറ്റാനാണ് എന്നാണ് ഉണ്ണിക്കണ്ണൻ ചോദിക്കുന്നത്. 

ഞായറാഴ്ചയാണ് ചെന്നൈയിൽ നിന്നും 100 കിലോമീറ്റർ അകലെ വില്ലുപുരം ജില്ലയെ വിക്രവാണ്ടിയിൽ തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനം നടന്നത്. സമ്മേളന വേദിയിലേക്ക് രാവിലെ തന്നെ പ്രവർത്തകരെത്തിയിരുന്നു. കനത്ത വെയിലിനെ തുടർന്ന് സമ്മേളനത്തിനെത്തിയ 120 ഓളം പേർ നിർജലീകരണം മൂലം കുഴഞ്ഞു വീണിരുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Unnikannan Mangalam Dam leaves Vikravandi without meeting Vijay; Viral in Tamil Nadu.