ഇന്ത്യന്‍ സിനിമ ലോകത്ത് തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് അമിതാഭ് ബച്ചൻ. തെലുങ്ക് സിനിമാലോകത്ത് ഉദിച്ചുയര്‍ന്ന താരമാണ് അല്ലു അര്‍ജുന്‍. പുഷ്പ 2 സിനിമ ഇറങ്ങിയതോടെ അല്ലു അര്‍ജുന് ആരാധകര്‍ ഏറെയാണ്. അടുത്തിടെ ഒരു ആരാധിക തന്നെ അല്ലു അര്‍ജുനുമായി താരതമ്യപ്പെടുത്തിയപ്പോള്‍ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്. ബച്ചന്‍ അവതരിപ്പിക്കുന്ന ക്വിസ് ഷോ കോന്‍ ബനേഗാ ക്രോർപതി 16 എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിയോടായിരുന്നു ബച്ചൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊൽക്കത്തയിൽ നിന്നുള്ള വീട്ടമ്മയായ രജനി ബർണിവാളിയായിരുന്നു മത്സരാർത്ഥി. ഇവരോട് അല്ലു അർജുനോടുള്ള ഇഷ്ടത്തെക്കുറിച്ച് ബച്ചൻ ചോദിച്ചപ്പോൾ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണെന്നും രണ്ടു പേരും അഭിനയിക്കുമ്പോൾ ചില സാമ്യങ്ങൾ ഉണ്ടെന്നുമായിരുന്നു മറുപടി. പല സിനിമകളിലും കോമഡി രംഗങ്ങളിൽ ബച്ചന് സമാനമായി ഷർട്ടിന്‍റെ കോളറിൽ അല്ലു കടിക്കുന്നതാണ് ഇവർ സാമ്യമായി ചൂണ്ടിക്കാണിക്കുന്നത്. അല്ലു അർജുനെ പ്രശംസിച്ച ബച്ചൻ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ് താനെന്നും നല്ല കഴിവുള്ള നടനാണ് അല്ലുവെന്നും മറുപടി നൽകി. അല്ലുവിന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും പുഷ്പ 2 എല്ലാവരും കാണണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ബച്ചൻ അഭ്യർത്ഥിച്ചു.
നേരത്തെ അമിതാബ് ബച്ചന്‍ സിനിമകൾ ജീവിതത്തിലും സിനിമയിലും തന്നെ സ്വാധീനിച്ചിരുന്നുവെന്ന് അല്ലു അർജുൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം, പുഷ്പ 2 ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 1500 കോടിയും കടന്ന് 2000 ത്തിലേക്ക് കുതിപ്പ് തുടരുകയാണ് ചിത്രം.