പാതയോരത്തും കോളജ് കാമ്പസുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഞൊടിയിട ചോദ്യങ്ങളുമായി എ.ടി.എം, ആ എ.ടി.എമ്മിനോട് മത്സരിച്ച് പണം വാങ്ങി സാധാരണ ജീവിതങ്ങള്‍, മലയാള ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തേയും ജനപ്രിയ ഗെയിം റിയാലിറ്റി ഷോ ഉടന്‍ പണം ആയിരം എപ്പിസോഡ് പിന്നിടുന്നു. കണ്ണീരോടെ വന്നവര്‍ ചിരിയോടെ മടങ്ങി, പറയാന്‍ മറന്ന പ്രണയം പലരും പറഞ്ഞു, ഇണക്കവും പിണക്കവും പലകുറി മാറി മറിഞ്ഞു, ആ മനുഷ്യരെ ജനം ചേര്‍ത്ത് പിടിച്ചു. ആട്ടവും പാട്ടുമായി മതിമറന്ന് ആഘോഷിച്ച് സമ്മാനങ്ങളുമായി മടങ്ങിയത് ജനലക്ഷങ്ങളാണ്.
ഇല്ലായ്മയുടെ ദുരന്ത കയത്തില്‍ നിന്നും ഉടന്‍ പണം കൈ പിടിച്ചുയര്‍ത്തിയവര്‍ ധാരാളം. വീട്ടിൽ സ്വന്തമായി ടിവി പോലും ഇല്ലാതിരുന്ന എറണാകുളം പഴംതോട്ടം സ്വദേശിനി അഖിലമോള്‍ക്ക് ഉടൻ പണവും, മത്സര രീതികളും തീർത്തും അപരിചിതമായിരുന്നു. എന്നിട്ടും അഖിലമോൾ മത്സരിച്ച് നേടിയത് മൂന്നുലക്ഷം രൂപയാണ്. ഓട്ടോറിക്ഷ ജീവനക്കാരനായ കൃഷ്ണനെന്ന സാധാരണക്കാരനായ അച്ഛന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി, നീറ്റ് എന്റട്രന്‍സ് പരീക്ഷയില്‍ മെറിറ്റില്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് തൃശ്ശൂരില്‍ പ്രവേശനം നേടിയ ആതിര എന്ന മിടുക്കിക്ക്, തന്റെ രഹസ്യ അറ തുറന്ന് ഒരു പവന്‍ സ്വര്‍ണ്ണനാണയം നല്‍കി യാത്രയച്ചാണ് ഉടന്‍ പണം-5 ന് എ.ടി.എം തിരശ്ശീലയിട്ടത്. അഞ്ച് പതിപ്പുകളുമായി ആയിരം എപ്പിസോഡുകള്‍ എത്തുമ്പോള്‍ 14 കോടിയിലധികം രൂപയാണ് ഇതിനകം മല്‍സരാര്‍ത്ഥികളും, മനോരമ മാക്സ് ഒക്കോങ്ങിലൂടെ പ്രേക്ഷകരും ചേര്‍ന്ന് എ.ടി.എമ്മില്‍ നിന്നും നേടിയെടുത്തത്.
സുരേഷ് ഗോപിയും, ടൊവിനോ തോമസും, മഞ്ജു വാര്യരുമെല്ലാം ആദ്യ പതിപ്പുകളുടെ താരത്തിളക്കമായപ്പോള്‍. അഞ്ചാം സീസണ്‍ കൊടിയേറ്റിയത് മലയാളികളുടെ പ്രിയപ്പെട്ട കുടുംബ നായകന്‍ ജയറായിരുന്നു. ഔട്ട്ഡോർ, ഇൻഡോർ, ഔട്ട്ഡോർ-ഇൻഡോർ, എന്നിങ്ങനെ ഓരോ എപ്പിസോഡിലും പുതുമയാണ് മലയാളിക്ക് ഉടന്‍ പണം സമ്മാനിച്ചത്. എപ്പിസോഡുകള്‍ക്ക് ആവേശമായ ഏഴ് അവതാരകരെയും ജനം നെഞ്ചിലേറ്റി.
ഒന്നിന് പകരമാവില്ല മറ്റൊന്ന് എന്ന രീതിയിലാണ് ഓരോ അവതാരക വ്യക്തിത്വങ്ങളും വേദിയിലെത്തിയത്. ഈ ഏഴ് പേരും മഴവില്‍ മനോരമയിലെത്തുന്നു. നവംബര്‍ 4 മുതല്‍ 8 വരെ രാത്രി 8.30ന് അത്യപൂര്‍വ്വമായ ഒരു കാഴ്ച്ചയ്ക്കാണ് മലയാള ടെലിവിഷന്‍ ചരിത്രത്തിലെ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ‘ഡങ്കണ്ണനായി’ സിനിമ സ്പൂഫുമായി കടന്ന് വരുന്ന ഡെയ്നിന്റെ വേഷ പകര്‍ച്ചയിലൂടെയാണ് ഉടന്‍ പണത്തിന്റെ ആയിരം എപ്പിസോഡുകള്‍ ആരംഭിക്കുന്നത്. സൈബര്‍ ലോകം ഇതിനോടകം ആ തിരിച്ച് വരവിനെ ആവേശത്തോടെയാണ് ഏറ്റെടുത്തുകഴിഞ്ഞു. ‘ഡങ്കണ്ണന്‍ കാണിക്കുമെന്ന് പറഞ്ഞാല്‍ കാണിക്കും!’ എന്താണ് കാണാന്‍ പോകുന്നതെന്നു തന്നെ കാത്തിരുന്ന് കാണാം.