പ്രേക്ഷകര്‍ക്ക് സംഗീത വിരുന്നൊരുക്കി മഴവില്‍ മനോരമ മ്യൂസിക് അവാര്‍ഡ് ഇന്നും നാളെയുമായി സംപ്രേഷണം ചെയ്യും. സംഗീതരംഗത്തെ വമ്പന്‍ താരനിര അണിനിരക്കുന്ന പരിപാടിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും. സ്നേഹ മധുരവും കണ്ണീരിനുപ്പും മലയാളിക്കിറ്റിച്ച പ്രിയ കവിക്ക് പുരസ്കാരം നല്‍കി സംഗീതലോകത്തിന്‍റെ ആദരം. ഒപ്പം ഗാനോപഹാരവും. 

എം.ജി ശ്രീകുമാര്‍ ഗോള്‍ഡന്‍ വോയിസ് പുരസ്കാരം ഹരിഹരനില്‍ നിന്നേറ്റു വാങ്ങി. ഇക്കൊലത്തെ മികച്ച ഗാനമായി എആര്‍എമ്മിലെ കിളിയേ തിരഞ്ഞെടുക്കപ്പെട്ടു. പെരിയോനെ പാടിയ ജിതിന്‍ രാജ് മികച്ച ഗായകന്‍. മികച്ച ഗായികക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും മധുവന്തി നാരായണും പങ്കിട്ടു.  സുഷിന്‍ ശ്യാം മികച്ച സംഗീത സംവിധായകനും വിനായക് ശശികുമാര്‍ മികച്ച ഗാനരചയിതാവുമായി. വിജയ് യേശുദാസ്–ചിന്മയി കൂട്ടിന്‍റെ ഓമനേ എന്ന ഗാനം മികച്ച യുഗ്മഗാനം. തെലങ്കാന ബൊമ്മലുവിലൂടെ ശക്തമായി തിരിച്ചു വന്ന മാര്‍ക്കോസിന് പ്രത്യേക പുരസ്കാരം. 

സംഗീത ലോകത്തെ  അതികായരായ ഹരിഹരന്‍, കെ.എസ്.ചിത്ര, സുജാത, ശരത് തുടങ്ങിയവര്‍ക്കൊപ്പം വിധുപ്രതാപ്, സിതാര കൃഷ്ണകുമാര്‍, ശ്വേത മോഹന്‍ തുടങ്ങിയവര്‍ ചടങ്ങ് അവിസ്മരണീയമാക്കി. സ്ഫീന്‍ ദേവസ്സിയുടെ ബാന്‍ഡ് സംഗീതനിശക്ക് പശ്ചാത്തലമൊരുക്കി. ഇന്നും നാളെയും രാത്രി 7 മണിക്കാണ് സംപ്രേഷണം.

ENGLISH SUMMARY:

Mazhavil Manorama Music Awards, offering a musical feast for the audience, will be broadcast today and tomorrow.