സിനിമ മേഖലയില്‍ സ്തീകള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡബ്ല്യൂസിസി അംഗവും സംവിധായകയുമായ അഞ്ജലി മേനോന്‍. ഇക്കാര്യത്തില്‍ സീറോ ടോളറന്‍സ് പോളിസി വേണമെന്നും അഞ്ജലി മേനോന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സിനിമാ മേഖലയിലെ പരാതികള്‍ ഉന്നയിക്കാന്‍ മേഖയിലുളളവര്‍ നേതൃത്വം നല്കുന്ന സ്ഥിരം കമ്മിഷന്‍ രൂപീകരിക്കണമെന്നും സിനിമാനയരൂപീകരണ സമിതി യോഗത്തില്‍ ഡബ്ല്യൂസിസി നിര്‍ദേശിച്ചു. കമ്മിഷനിലെത്തുന്ന പരാതികള്‍ പരിഹരിക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരായ ഒരു തരത്തിലുളള അതിക്രമങ്ങളും വിവേചനങ്ങളും ഇനി വച്ചു പൊറുപ്പിക്കാനാകില്ലെന്നാണ് വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ നിലപാട്. സിനിമാനയ രൂപീകരണ സമിതിയില്‍ നയം വ്യക്തമാക്കി പുറത്തിറങ്ങുമ്പോള്‍ ഡബ്ളുസിസി അംഗങ്ങള്‍ ഇക്കാര്യം തീര്‍ത്തു പറഞ്ഞു.
ഒപ്പം മേഖലയിലെ പ്രശ്നങ്ങളുടെ സമഗ്ര പരിഹാരത്തിന് മൂന്ന് ഇന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. സിനിമാ മേഖലയ്ക്കായി നിലവിലെ നിയമ പഴുതുകള്‍ അടച്ചുളള ചട്ട രൂപീകരണം വേണം. പരാതികള്‍ ഉന്നയിക്കാന്‍ സിനിമാ വ്യവസായ മേഖലയിലുളളവര്‍ നേതൃത്വം നല്കുന്ന സ്ഥിരം കമ്മിഷനാണ് ഡബ്ല്യൂസിസിയുടെ പ്രധാന ആവശ്യം. സാംസ്കാരികം , തൊഴില്‍ , നിയമം ,സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം തുടങ്ങിയ വകുപ്പുകളില്‍ നിന്നുളള പ്രതിനിധികള്‍ കമ്മിഷനില്‍ അംഗങ്ങളായിരിക്കണം. പരാതി പരിഹാരത്തിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ഡബ്ല്യൂസിസി നിര്‍ദേശിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതടക്കം 41 ഇന നിര്‍ദേശങ്ങളാണ് മുന്നോട്ടു വച്ചത്. ഹേമ കമ്മിറ്റി, അടൂര്‍ കമ്മിറ്റി തുടങ്ങിയ വിവിധ കമ്മിറ്റികള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. സിനിമനയ രൂപീകരണത്തിന്‍റെ ഭാഗമായി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളില്‍ നിന്ന് അഭിപ്രായം തേടുകയാണ് ഈ ദിവസങ്ങളില്‍. സിനിമാ കോണ്‍ക്ലേവിനും കൂടി മുന്നോടിയായാണ് അഭിപ്രായ രൂപീകരണം.