ദുല്‍ഖറിന്‍റെ ‘ലക്കി ഭാസ്കറും’ ശിവകാര്‍ത്തികേയന്‍റെ ‘അമരനും’ ദീപാവലി ദിനത്തില്‍ റിലീസായിരിക്കുകയാണ്. രണ്ടു ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിവ്യൂ ഷോ കഴിഞ്ഞതേ ലക്കി ഭാസ്കര്‍ ദുല്‍ഖറിന്‍റെ സിനിമാജീവിതത്തില്‍ നാഴികകല്ലാകുമെന്ന റിവ്യൂകള്‍ എത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു വേണ്ടി അമരന്‍റെ സ്പെഷ്യല്‍ ഷോ നടത്തിയതും ചര്‍ച്ചയാകുന്നുണ്ട്. ശിവകാര്‍ത്തികേയനും സംവിധായകന്‍ രജ് കുമാര്‍ പെരിയസാമിക്കും പുറമേ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഷോയ്ക്ക് എത്തിയിരുന്നു. ഇതോടെ ചിത്രം വമ്പന്‍ വിജയം തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
പ്രീ ബുക്കിങ്ങിലും രണ്ടു ചിത്രങ്ങളും നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനിടെ ശിവകാര്‍ത്തികേയന്‍ പങ്കുവച്ച ഒരപൂര്‍വത സമൂഹമാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദുൽഖറും താനും ഒരേ ദിവസമാണ് സിനിമയിലേക്ക് എത്തിയത്. രണ്ട് പേരുടെയും ആദ്യ സിനിമ പുറത്തിറങ്ങിയത് ഒരേ ദിവസമാണ്. ഇപ്പോള്‍ ഇതാ വീണ്ടും അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.
'എന്‍റെയും ദുൽഖറിനെയും കരിയർ തമ്മിൽ ഒരു കോമൺ ഫാക്ടർ ഉണ്ട്. ഞങ്ങൾ രണ്ട് പേരുടെയും ആദ്യ സിനിമ പുറത്തിറങ്ങിയത് ഒരേ ദിവസമാണ്. 2012 ഫെബ്രുവരി മൂന്നിനാണ് എന്‍റെ ആദ്യത്തെ ചിത്രം മറീനയും ദുൽഖറിന്‍റെ സെക്കന്‍റ് ഷോയും റിലീസായത്. ദുൽഖറിന്‍റെ സിനിമകൾ വിജയിക്കുമ്പോഴെല്ലാം എനിക്ക് വളരെ സന്തോഷമാണ്. അദ്ദേഹത്തിനും തിരിച്ച് അങ്ങനെ തന്നെയാണ്' എന്നാണ് ശിവകാര്‍ത്തികേയന്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ആരാധകര്‍ ഇതെറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ലക്കി ഭാസ്കറും അമരനും വമ്പന്‍ ഹിറ്റാകുമെന്ന് വിശ്വാസമാണ് ആരാധകരിലുമുള്ളത്. ബിഗ് ബജറ്റിലൊരുക്കിയ ദുല്‍ഖറിന്‍റെ ‘ലക്കി ഭാസ്‌കറി'ല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. 1980-1990 കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്‌സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൻ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമാണ് ശിവകാർത്തികേയൻറെ 'അമരൻ'. മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. സായ് പല്ലവിയാണ് നായിക.