നവീനകാലത്തെ ഇന്ത്യയുടെ ഡ്രീംഗേള്‍ ഐശ്വര്യ റായ്ക്ക് അന്‍പത്തിയൊന്നാം പിറന്നാള്‍. 1994ലെ ലോക സുന്ദരി പട്ടത്തോടെ പ്രേഷക ഹൃദയത്തില്‍ കുടിയേറിയ താരം അഭ്രപാളിയില്‍ മിന്നും പ്രകടനമാണ് തീര്‍ത്തത്. ദേവദാസിലെ നര്‍ത്തകിയായും മൊഹബത്തേനിലെയും  ഹം ദില്‍ ദേ ചുകേ സനത്തിലെയും പ്രണയിനിയായും ധൂം ടുവിലെ ഗ്ലാമര്‍ േഗളായും പ്രേഷകരെ കീഴടക്കിയ ഐശ്വര്യ റായ് ഇപ്പോഴും രാജ്യാന്തര ഫാഷൻ അരങ്ങിലെ ഡ്രീം ഗേളാണ്. 

റാംപിലെ സുന്ദര ചുവടുകള്‍ക്കുശേഷം ലോക വേദിയില്‍ സുന്ദരി പട്ടത്തിന് ചുവടുവച്ചു. 1994ല്‍ ലോക സുന്ദരി പട്ടം ഐശ്വര്യയിലൂടെ ഇന്ത്യയിലെത്തി. 1997ല്‍ ഇരുവരിലൂടെ ക്യാമറയ്ക്ക് മുന്നില്‍ മിന്നിത്തിളങ്ങി. മംഗളൂരുവില്‍ ജനിച്ച ഐശ്വര്യ മുംബൈയിലേക്ക് ചേക്കേറിയതോടെയാണ് മോഡലിങ്ങിനിറങ്ങിയത്. 1991ല്‍ രാജ്യാന്തര സൂപ്പര്‍ മോഡല്‍ മല്‍സരത്തില്‍ വിജയിച്ചതോടെ പഠനം പാതിവഴിയിലുപേക്ഷിച്ച് മോഡലിങ്ങില്‍ ശ്രദ്ധനല്‍കി. 1999ല്‍ ഹം ദില്‍ ദേ ചുകേ സനത്തില്‍ സല്‍മാന്‍ ഖാന്റെ നായിക. സിനിമാ ജീവിതത്തിലെ വഴിത്തിരിവ്. ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമായി. ദേവദാസില്‍ നൃത്തവൈഭവത്തിലൂടെ പ്രേഷകഹൃദയം കീഴടക്കി. 

മൊഹബത്തേനില്‍ പ്രണയിനിയുടെ ഭാവം പകര്‍ന്നാടി. ധൂം ടുവില്‍ ഗ്ലാമര്‍ ഗേളായി. തമിഴിലും ബംഗാളിയിലും ബോളിവുഡിലും മിന്നിയ ഐശ്വര്യറായ് ഹോളിവുഡിലെ ഫ്രെയിമിലുമെത്തി.ഹിറ്റുകള്‍ക്ക് പിന്നാലെ സല്‍മാന്‍ ഖാന്റെയും വിവേക് ഒബ്റോയിയുടെയും ചങ്കില്‍ കുടിയേറിയെങ്കിലും 2007ല്‍ ബച്ചന്‍ കുടുംബത്തിലെ മരുമകളായി. ഇപ്പോള്‍ ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രീതിയുള്ള താരമാണ് ഐശ്വര്യ റായ്. 

ENGLISH SUMMARY:

Aishwarya Rai's 51st birthday