അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ കണ്ണീർ കുറിപ്പുമായി ഗായിക കെ.എസ്.ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവും കുറിപ്പ് പങ്കുവച്ചത്. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ വലിയ വേദനയിലൂടെ കടന്നു പോയവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും ചിത്ര നൊമ്പരത്തോടെ കുറിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. 2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
കുറിപ്പ്
‘ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ കാലം രോഗശാന്തിയേകുമെന്നും അവർ പറയുന്നു. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്നു ബോധ്യമാകും. മുറിവ് ഇപ്പോഴും പരുക്കനായതും വേദനാജനകവുമാണ്. മിസ് യു നന്ദന’.