നര്‍ത്തകി എന്ന നിലയില്‍ ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നോറ ഫത്തേഹിക്ക് ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു ജോണ്‍ എബ്രഹാം നായകനായ സത്യമേവ ജയതേ. ചിത്രത്തിലെ ദില്‍ബര്‍ എന്ന ഐറ്റം നമ്പരിലെ നോറയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ദില്‍ബറിനും അതേസമയത്ത് തന്നെ ഇറങ്ങിയ സ്ത്രീ സിനിമയിലെ കമരിയ എന്ന പാട്ടിനും താന്‍ പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് പറയുകയാണ് നോറ. ആ സമയത്ത് സ്വയം തെളിയിക്കാനുള്ള അവസരമായാണ് കണ്ടതെന്നും പണമുണ്ടാക്കാന്‍ തോന്നിയില്ലെന്നും നോറ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
'രണ്ട് ആഴ്ചകളുടെ വ്യത്യാസത്തിലാണ് കമരിയാനും ദില്‍ബറും ചെയ്തത്. ഈ രണ്ട് പാട്ടുകള്‍ക്കുമായി പ്രതിഫലം വാങ്ങിയിരുന്നില്ല. സൗജന്യമായാണ് ചെയ്തുകൊടുത്തത്. ആ സമയം എനിക്ക് സ്വയം തെളിയിക്കാനുള്ളതായിരുന്നു, പണം ഉണ്ടാക്കാനുള്ളതായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വിശ്വാസ്യതയുള്ളവരുമായി ജോലി ചെയ്യണമായിരുന്നു. പണമുണ്ടാക്കുന്നതിനെക്കാള്‍ ഈ രണ്ട് കാര്യങ്ങളാണ് പ്രധാനം എന്ന് എനിക്ക് തോന്നി. സത്യത്തില്‍ എനിക്ക് പണം ആവശ്യമായ സമയമായിരുന്നു അത്. എന്നാല്‍ പണത്തിനെക്കാള്‍ പ്രധാന്യം സ്വയം തെളിയിക്കലാണെന്ന് തോന്നി.
സംവിധായകര്‍ക്കൊപ്പമിരുന്നപ്പോള്‍ പാട്ടില്‍ കൊറിയോഗ്രഫിക്ക് പ്രാധാന്യം വേണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒന്നുകില്‍ ഇതൊരു സെക്സിയായ ഐറ്റം സോങ് ആക്കാം, അല്ലെങ്കില്‍ നൃത്തത്തിന് പ്രധാന്യമുള്ള, കുടുംബമായിരുന്നു കാണുമ്പോള്‍ അരോചകമാകാത്ത ഒരു പാട്ടാക്കാം. ഇത്തരത്തിലുള്ള പാട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരം പ്രദര്‍ശിപ്പിക്കാനാണ് താല്‍പര്യം, പാട്ട് ഹിറ്റാവുകയും ചെയ്യും.
സത്യത്തില്‍ നന്നായി ഡാന്‍സ് കളിച്ചില്ലെങ്കിലും കുഴപ്പമില്ല, എന്നാല്‍ എനിക്ക് മികച്ച കൊറിയോഗ്രഫി വേണമായിരുന്നു. ഒപ്പം കളിച്ച ഡാന്‍സേഴ്സിനെ ഒരാഴ്ച ട്രെയിന്‍ ചെയ്യിപ്പിച്ചു, അതുകൊണ്ട് എനിക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്കായി,' നോറ പറഞ്ഞു.
ദില്‍ബറിനായി ആദ്യം വളരെ ചെറിയ ബ്ലൗസാണ് ആദ്യം നല്‍കിയിരുന്നതെന്നും പിന്നീട് തന്‍റെ ആവശ്യപ്രാകാരം വസ്ത്രം മാറ്റുകയായിരുന്നുവെന്നും നോറ പറഞ്ഞു. എന്നെ അമിതമായി ലൈംഗികവല്‍ക്കരിക്കരുത്. ഇതൊരു സെക്സി സോങ്ങ് ആണെന്ന് അറിയാം, എന്നാല്‍ അതൊരു വൃത്തികേടാക്കിവക്കേണ്ട, മറ്റൊരു ബ്ലൗസ് വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ചില ആളുകള്‍ക്ക് ആ പാട്ടിലെ ബ്ലൗസ് കുറച്ചധികമാണെന്ന് തോന്നും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ആദ്യം നല്‍കിയതിനെക്കാള്‍ സൗകര്യപ്രദമായിരുന്നു ആ വസ്ത്രമെന്നും നോറ പറഞ്ഞു.