‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഹസീബായി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ഗോവിന്ദ്. ചിത്രത്തിന്‍റെ സംവിധായകൻ സൗബിൻ ഷാഹിറും കൂട്ടുകാരും ഗോവിന്ദിന്‍റെ അമ്മ നടത്തുന്ന ചായക്കടയിൽ ചായ കുടിച്ചു നിൽക്കുമ്പോൾ സൈക്കിളിൽ അതിവേഗത്തിൽ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നിൽ സൈക്കിളുമായി വീഴുകയായിരുന്നു. പിടിച്ചെഴുന്നേൽപിച്ച ശേഷം സിനിമയിൽ അഭിനയിക്കാമോ എന്ന സൗബിന്‍റെ ചോദ്യമാണ് ഗോവിന്ദിനെ സിനിമയിലെത്തിച്ചത്. എന്നാല്‍ സിനിമാക്കാരന്‍റെ തിളക്കമോ പകിട്ടോ ഗോവിന്ദിന് ഇല്ലാ.
തട്ടുകടയിൽ മസാല ദോശയും നെയ്റോസ്റ്റും പൊടി റോസ്റ്റുമൊക്കെയുണ്ടാക്കി അമ്മയെ സഹായിക്കുന്ന തിരക്കിലാണ് താരം. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിലാണ്. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഗോവിന്ദും അമ്മയും ചേട്ടനും കൂടി നടത്തുന്ന കട. 16 വർഷം മുൻപു അച്ഛൻ വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്കും മറ്റും പോയാണു അമ്മ ചിത്ര കുടുംബം നോക്കിയത്. പിന്നീടാണ് ചായക്കച്ചവടം തുടങ്ങിയത്.
പഠനം നിർത്തിയതിനെ പറ്റി ഗോവിന്ദ് പറയുന്നത് ഇങ്ങനെ, ‘പ്ലസ്ടു വരെ പഠിച്ചു. പഠിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് മനസിലായി. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നത്. കുറേ കഥകൾ വരുന്നുണ്ട്, എല്ലാം സ്കൂൾ കുട്ടിയായിട്ടാണ്. എനിക്കിപ്പോൾ 25 വയസ്സുണ്ട്. കുട്ടിയായിട്ടുള്ള റോളല്ല, കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താൽപര്യം. എപ്പോഴും സിനിമ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലല്ലോ. വരുമാന മാർഗമായി തട്ടുകടയും കൊണ്ടു പോകണം, വീടു വയ്ക്കണം, വീട്ടുകാരെ നോക്കണം. കട നന്നായി നോക്കി നടത്തണം. ഇതാണ് ഇപ്പോഴത്തെ ആഗ്രഹം ’