നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍കാമുകിയും നടിയുമായ സോമി അലി. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിയോടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. സംഗീത ബിജ്‌ലാനി, കത്രീന കൈഫ് തുടങ്ങിയ മുൻ കാമുകിമാരുമായി സൽമാൻ സൗഹൃദം പുലർത്തുന്നുണ്ടെങ്കിലും എന്തുകൊണ്ട് സോമി അലിയുമായി സൗഹൃദം പുലര്‍ത്തുന്നില്ല എന്നായിരുന്നു ആങ്കറുടെ ചോദ്യം.  താന്‍ അനുഭവിച്ചതിന്‍റെ പകുതിപോലും അവര്‍ അനുഭവിച്ചിട്ടില്ലെന്നായിരുന്നു സോമി അലിയുടെ പ്രതികരണം. 

‘സൽമാൻ എന്നോട് പെരുമാറിയ രീതി തന്നെ വേറെയായിരുന്നു. ഞാൻ അനുഭവിച്ചതിന്‍റെ പകുതി പോലും സംഗീതയും കത്രീനയും അനുഭവിച്ചിട്ടില്ല. ഐശ്വര്യ റായ്ക്കും സല്‍മാന്‍ ഖാനില്‍ നിന്ന് മോശം പെരുമാറ്റം സഹിക്കേണ്ടി വന്നിട്ടുണ്ട്’, സോമി അലി പറയുന്നു. ‘അയാള്‍ ഐശ്വര്യയെ ക്രൂരമായി അധിക്ഷേപിച്ചിട്ടുണ്ട്. അതിക്രമത്തില്‍ ഐശ്വര്യയുടെ തോളെല്ല്  പൊട്ടിയിട്ടുണ്ടെന്നു പോലും ഞാൻ കരുതുന്നു. കത്രീനയെ സംബന്ധിച്ചിടത്തോളം അതെങ്ങിനെയായിരുന്നു എന്ന് എനിക്ക് ഉറപ്പില്ല. സൽമാൻ എന്നോട് ചെയ്ത കാര്യങ്ങള്‍ ആലോചിച്ചാല്‍, ലോറൻസ് ബിഷ്‌ണോയി  നല്ലവ്യക്തിയാണെന്ന് പറയേണ്ടിവരുമെന്നും സോമി പറഞ്ഞു.

സൽമാൻ തന്നെ ശാരീരികമായി ഉപദ്രവിച്ച സന്ദര്‍ഭങ്ങളും സോമി തുറന്നു പറഞ്ഞു. ‘അതിക്രമം സഹിക്കാതെ വീട്ടുജോലിക്കാരൻ വാതിലില്‍ മുട്ടിയിട്ടുണ്ട്, അയാള്‍ നിര്‍ത്താന്‍ സല്‍മാനോട് അപേക്ഷിച്ചിട്ടുണ്ട്. ഒരിക്കല്‍ എന്‍റെ വേദന കണ്ട് തബു കരഞ്ഞിട്ടുണ്ട്. കടുത്ത നടുവേദന കാരണം ഞാൻ വളരെക്കാലമായി കിടപ്പിലായിരുന്നു. സല്‍മാന്‍ കാണാന്‍പോലും വന്നില്ല’, സോമി പറഞ്ഞു. സൽമാനുമായുള്ള ബന്ധത്തില്‍ താന്‍ അനുഭവിച്ചത് എന്തെല്ലാമാണെന്ന് തന്‍റെ അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിയൂ എന്നും സോമി പറഞ്ഞു.

സല്‍മാനില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ നേരത്തെ തന്നെ സോമി തുറന്നു പറഞ്ഞിട്ടുണ്ട്. സൽമാനൊപ്പം ഉണ്ടായിരുന്ന എട്ടുവർ‌ഷം തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു. സല്‍മാന്‍ നിരന്തരം അധിക്ഷേപിക്കുമായിരുന്നു. വർഷങ്ങളോളം പൊതുയിടത്തിൽ കാമുകിയാണെന്ന് അംഗീകരിച്ചിരുന്നില്ല. അങ്ങനെ ചെയ്തപ്പോഴാകട്ടെ സുഹൃത്തുക്കൾക്ക് മുമ്പിൽ വച്ച് നിർത്താതെ അധിക്ഷേപിക്കുകയും ശകാരിക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന്  ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സോമി വെളിപ്പെടുത്തിയിരുന്നു. താനൊരു പുരുഷനാണെന്നും പുരുഷന്മാർ‌ക്ക് മാത്രമേ വഞ്ചിക്കാനാവൂ എന്നും സൽമാൻ പറഞ്ഞു. ആ പരാമർശം തന്നെ ഏറെ അസ്വസ്ഥയാക്കി. ശാരീരികമായും മാനസികമായും പീഡനം നേരിട്ട കാലമായിരുന്നു അതെന്നും സോമി അന്നു പറഞ്ഞു. നേരത്തെ ലോറൻസ് ബിഷ്ണോയിയുമായി സൂം മീറ്റിങ് നടത്താൻ താൽപര്യം പ്രകടിപ്പിച്ച് സോമി അലി രംഗത്തെത്തിയിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ നമ്പർ ചോദിച്ചായിരുന്നു അന്ന് സോമിയുടെ  ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സൽമാന്‍റെ ഉപദ്രവം പലപ്പോഴും അതിരുവിട്ടിരുന്നതായി മുന്‍പ് ഐശ്വര്യയും തുറന്ന് പറഞ്ഞിട്ടുണ്ട്.

1990 കളിൽ ബോളിവുഡിലെ സജീവമായ താരങ്ങളില്‍‌ ഒരാളായിരുന്നു സോമി. 1999 ൽ ഐശ്വര്യ റായുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലായതിനെ തുടര്‍ന്നാണ് ഇവര്‍ ബന്ധം അവസാനിപ്പിച്ച് ഇന്ത്യ വിടുന്നത്. മനുഷ്യക്കടത്ത്, ഗാർഹിക പീഡനം എന്നിവയ്ക്ക് എതിരെ യുഎസിൽ പ്രവർത്തിക്കുന്ന ‘നോ മോർ ടിയേഴ്സ്’ സന്നദ്ധ സംഘടനയിൽ സജീവമാണ് സോമി അലി. നിലവില്‍ സൽമാനുമായുള്ള തന്‍റെ മുൻകാല ബന്ധത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് താരമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:

Actor Salman Khan faces serious allegations from his former girlfriend, actress, and social activist Somy Ali, who has once again spoken out against him. In a revelation to a private news agency, Somy Ali remarked that Sangeeta Bijlani and Katrina Kaif have not experienced even half of what she endured in her relationship with him.