ആരാധകരുടെ സിരകളില്‍ സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും മായികത തീര്‍ത്ത മൈക്കിള്‍ ജാക്സന്‍റെ ചുവടുകള്‍ നിലച്ചിട്ട് 15 വര്‍ഷം പിന്നിടുന്നു. നാല് പതിറ്റാണ്ടിലധികം ആസ്വാദകരെ വിസ്മയിപ്പിച്ച മൈക്കിള്‍ ജാക്സണ്‍ പ്രണയവും, വിരഹവും, വിവേചനവും, യുദ്ധകെടുതിയുമെല്ലാം തന്‍റെ സംഗീതത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു.
2009 ജൂൺ 25ന് ലോകം ഞെട്ടലോടെയാണ് മൈക്കിള്‍ ജാക്സന്‍റെ മരണവാര്‍ത്ത കേട്ടത്. അന്‍പതാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈക്കില്‍ ജാക്സന്‍ മരിച്ചെന്നായിരുന്ന ഔദ്യോഗിക സ്ഥിരീകരണം. ജാക്സണ്‍ ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്നും ഉയര്‍ന്ന അളവില്‍ പ്രൊപഫോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 2009 ജൂൺ 22 വരെ തുടർച്ചയായി 60 രാത്രികളില്‍ മൈക്കിള്‍ ജാക്സന് പ്രൊപ്പോഫോൾ നൽകിയതായി അദ്ദേഹത്തിന്‍റെ പേഴ്സനല്‍ ഡോക്ടര്‍ കോൺറാഡ് മുറെയാണ് പോലീസിന് മൊഴി നല്‍കിയത്. അതേ തുടര്‍ന്ന് 2011-ൽ കോൺറാഡ് മുറെയെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മൈക്കിള്‍ ജാക്സണ്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹം തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന വലിയൊരു സമൂഹം അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ട്. ഡാര്‍ക്ക് വെബില്‍ ഉള്‍പ്പെടെ മൈക്കിള്‍ ജാക്സണ്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന് അവിടെ തെളിവുകളും ലഭ്യമാണത്രേ. ഒരുകാലത്ത് ആളിക്കത്തി ഇപ്പോഴും കനലായി എരിയുന്ന ആ ചര്‍ച്ച ഒരിടവേളയക്ക് സൈബറിടത്തില്‍ വീണ്ടും സജീവമാവുകയാണ്. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ലെന്നതിന്‍റെ 'തെളിവുകള്‍' നിരത്തുന്ന ഒട്ടേറെ പേജുകളുണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍.
ഇപ്പോഴും ആക്ടീവായ മൈക്കിള്‍ ജാകസന്‍റെ ഫേസ്ബുക്ക് പേജും അതിലെ ചിത്രങ്ങളും ഇവര്‍ ആരാധനയോടെ നോക്കിക്കാണുന്നു.
തന്‍റെ അവസാന നാളുകളില്‍ മൈക്കിള്‍ ജാക്സണ്‍ കൂടുതല്‍ പരിഭ്രാന്തനായി കാണപ്പെട്ടുവെന്ന് അദ്ദേഹത്തിന്‍റെ സുരക്ഷാഗാര്‍ഡ് ആയിരുന്ന ബില്‍ വിറ്റ് ഫീല്‍ഡ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ട് മൈക്കിള്‍ വിളിച്ച് കരഞ്ഞിരുന്നുവെന്ന് ജര്‍മ്മന്‍ വ്യവസായിയും മൈക്കിളിന്‍റെ സുഹൃത്തുമായ ജേക്കബ്ഷാഗന്‍ ഒരു ഓസ്ട്രിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതല്ല മരണകാരണമെന്നും ജാക്‌സന്‍ കൊല്ലപ്പെട്ടതാണെന്നുമാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും അഭിപ്രായം.
കാലിഫോർണിയയിലെ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്കില്‍ അന്ത്യവിശ്രമം കൊള്ളുന്നത് മൈക്കള്‍ ജാക്സന്‍ അല്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. അന്ത്യകര്‍മങ്ങള്‍ നടക്കുന്ന വേളകളില്‍ പലപ്പോഴും കുടുംബാംഗങ്ങള്‍ക്ക് വിഷമമില്ലായിരുന്നുവെന്നും അവരില്‍ പലര്‍ക്കും മൈക്കില്‍ ജാക്സന്‍ മരിച്ചിട്ടില്ലെന്ന സത്യം അറിയാമായിരുന്നുവെന്നും ഒരു വിഭാഗം ഇന്നും വിശ്വസിക്കുന്നു.
എന്നാല്‍ പോപ് സംഗീത രാജാവായിരുന്ന മൈക്കില്‍ ജാക്സണ്‍ എന്തിന് തന്‍റെ പേരും പ്രശസ്തിയും ഉപേക്ഷിച്ച് മാറിനില്‍ക്കണമെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. 2009 ല്‍ അതിനുള്ള ഉത്തരം മൈക്കില്‍ ജാക്സന്‍ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ മുന്നോട്ടുവെച്ചു. മരിക്കുന്ന സമയത്ത് ഏകദേശം 500 മില്യൻ ഡോളറിലധികം കടക്കെണിയുണ്ടായിരുന്നുവെന്ന് മൈക്കിൾ ജാക്‌സന്‍റെ എസ്‌റ്റേറ്റ് നടത്തിപ്പുകാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.
ഈ കടക്കെണിയില്‍ നിന്ന് മൈക്കിള്‍ ജാക്സന്‍ ഒളിച്ചോടിയതാണെന്നാണ് അവരുടെ പക്ഷം. ഒരു മനുഷ്യന് ലഭിക്കാവുന്ന പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ വ്യക്തിത്വമാണ് മൈക്കിള്‍ ജാക്സണെന്നും തന്‍റെ പ്രശസ്തി ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കാനാണ് അദ്ദേഹം മാറി നില്‍ക്കുന്നതെന്നുമാണ് മറ്റൊരു വിഭാഗത്തിന്‍റെ അവകാശ വാദം.
എന്നാല്‍ മൈക്കിള്‍ ജാക്സനും ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ സംഘടനയെന്ന് വിശേഷിക്കപ്പെടുന്ന ഇല്ലൂമിനാറ്റിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. പണം, ബുദ്ധി, കരുത്ത് എന്നിവ കൊണ്ട് ലോകത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവരാണ് ഇലുമിനാറ്റികള്‍ എന്നാണ് നിഗൂഢ സിദ്ധാന്തക്കാരുടെ വാദം. ഇവര്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. മൈക്കിള്‍ ജാക്സന്‍റെ പ്രശസ്തിയില്‍ ആകൃഷ്ടരായ ആ സംഘം അദ്ദേഹത്തെ ഇല്ലുമിനാറ്റിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ആ ക്ഷണം അദ്ദേഹം നിരസിച്ചുവെന്നും കഥകളുണ്ട്.
ഇതില്‍ പ്രകോപിതരായ ആ സംഘം മൈക്കിള്‍ ജാക്സനെ അപായപ്പെടുത്തിയെന്നാണ് അവരുടെ വിശ്വസം. മാത്രമല്ല അതിന് തെളിവായി മൈക്കിള്‍ ജാക്സന്‍റെ ഒരു ഗാനരംഗവും അവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ദേ ഡോണ്ട് റിയലി കെയര്‍ എബൗട്ട് അസ് എന്ന ആല്‍ബത്തില്‍ ചിത്രങ്ങള്‍ വരച്ച ഒരു ചുവരിന് മുന്നില്‍ നിന്ന് 'നിങ്ങള്‍ക്കെന്നെ കൊല്ലാനാകില്ല' എന്ന് മൈക്കിള്‍ ജാക്സന്‍ പാടുന്നുണ്ട്. നിഗൂഡ സിദ്ധാന്തക്കാരുടെ വാദമനുസരിച്ച് ഇല്ലൂമിനാറ്റിയുടെ ചിഹ്നമാണ് ഒറ്റക്കണ്ണ്. അത്തരത്തില്‍ ഒറ്റക്കണ്ണ് വരച്ച ഒരു ചുമരിന് മുന്നില്‍ നിന്നാണ് അദ്ദേഹം ഈ വരികള്‍ പാടുന്നത്.
കൗതുകകരമായ മറ്റെരു കാര്യം മൈക്കിള്‍ ജാക്സന്‍ മരിച്ച് നാല് മാസം കഴിഞ്ഞ് ഒക്ടോബറിലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തതും നിങ്ങള്‍ക്കെന്നെ കൊല്ലാനാകില്ലെന്ന് പാടുന്ന ഭാഗം ആരാധകര്‍ ഏറ്റെടുക്കുന്നതും. ഇല്ലൂമിനാറ്റിയോടുള്ള വെല്ലുവിളിയായി ഇന്നും ആ വരികളെ വ്യാഖ്യാനിക്കുന്നവരുണ്ട്.
ആ വരികള്‍ ഇങ്ങനെ
Beat me, hate me
You can never break me
Will me, thrill me
You can never kill me
മരിച്ചുവെന്ന് ശാസ്ത്രവും ഒദ്യോഗിക രേഖകളും വ്യക്തമായി വെളിപ്പെടുത്തുമ്പോഴും മൈക്കിള്‍ ജാക്സന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്‍റെ പലഭാഗത്തുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നു. ഒരുനാള്‍ അദ്ദേഹം ലോകത്തെ ഞെട്ടിച്ചുകൊണ്ട് തിരിച്ചുവരുമെന്നും അന്ന് പല സത്യങ്ങളും പുറംലോകമറിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. മരണത്തിന് മണിക്കൂറുകള്‍ മുന്‍പ് എന്താണ് നടന്നതെന്ന് ഉത്തരം കൊടുക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതും പോപ് രാജാവിന്‍റെ മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.