മോഹൻലാല്‍– സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമായി നടന് സംഗീത് പ്രതാപ്. ‘പ്രേമലു’ എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ ആരാധകരെ സൃഷ്ടിച്ച സംഗീത് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘അമല്‍ ഡേവിസ്’ എന്നാണ് അറിയപ്പെടുന്നത് തന്നെ. സംഗീതിന്റെ സിനിമാജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായ വേഷമാകും ഇനി വരാനിരിക്കുക എന്നാണ് ആരാധകരുടെ പക്ഷം.
സംഗീത് തന്നെയാണ് ഈ വിശേഷം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. ‘മനസ്സിനക്കരെ എന്ന സിനിമയെ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്ന ആ കൊച്ചുപയ്യന് ഇന്ന് സത്യന് അന്തിക്കാടിനൊപ്പം’ എന്ന കുറിപ്പിനൊപ്പമാണ് സംഗീതിന്റെ പോസ്റ്റ്. സത്യൻ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സംഗീതിന്റെ കുറിപ്പ്. സംഗീതിന് ആശംസകളുമായി ഒട്ടേറപ്പേരാണ് കമന്റ് ചെയ്യുന്നത്.
സത്യൻ അന്തിക്കാടിന്റെ കഥയില്‍ ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവുരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനു തിരക്കഥ എഴുതുന്നത് ‘നൈറ്റ് കോൾ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ടി.പിയാണ് സോനു. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. അതിരൻ, സൂഫിയും സുജാതയും എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അനു മൂത്തേടത്ത് ആണ് കാമറ. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും സിനിമയുടെ ചിത്രീകരണം എന്നാണ് വിവരം.