പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനം ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ. മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു ഗാനം ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്. ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്.
ജിതിൻ രാജ് ആലപിച്ച പെരിയോനേ എന്ന ഗാനം എ.ആർ.റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. നിലവിൽ ആടുജീവിതം ഓസ്കറിൽ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകൻ ബ്ലെസി.ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ. ഇതിൽ എമിലിയ പേരെസിലെ രണ്ട് ഗാനങ്ങൾക്ക് നാമനിർദേശം ലഭിച്ചിട്ടുണ്ട്. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടക്കുക. സെലീന ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിനെത്തും.