തെന്നിന്ത്യയില്‍ ഏറ്റുവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ഗായിക ശ്രേയ ഘോഷാല്‍. തെലുങ്കിനെക്കാളും കന്നഡത്തെക്കാളും ബുദ്ധിമുട്ട് മലയാളത്തിനാണെന്നും മലയാള സിനിമയിലെ വിഷയങ്ങള്‍ ആഴമേറിയതാണെന്നും ശ്രേയ പറഞ്ഞു. ബോളിവുഡ് താരം കരീന കപൂര്‍ അവതാരകയായ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഹിന്ദിക്കുപുറമേ ബംഗാളിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെ പാടിയിട്ടുെണ്ടന്ന് ശ്രേയ പറഞ്ഞപ്പോള്‍ കന്നഡയും തെലുങ്കും വളരെ ബുദ്ധിമുട്ടല്ലേയെന്ന് കരീന ചോദിക്കുകയായിരുന്നു. അതിലും ബുദ്ധിമുട്ട് മലയാളം പറയാനാണെന്നാണ് ശ്രേയ മറുപടി നല്‍കിയത്. സൗത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളം സിനിമയെ പുകഴ്ത്താനും ശ്രേയ മറന്നില്ല. മലയാളം സിനിമ വളരെ ആഴത്തിലുള്ളതാണ്. ഒരു യുവതി പ്രേമത്തില്‍ വീഴുന്നതിനെ പറ്റി മാത്രമല്ല മലയാളം പാട്ടുകള്‍, ചിലപ്പോള്‍ അത് ഒരു സുഹൃത്തിനെ പറ്റിയാവാം, അമ്മയെ പറ്റിയാവാം, മകളെ പറ്റിയാവാം പല വിഷയങ്ങളുണ്ടാവാം. വളരെ ശക്തമായ വിഷയങ്ങള്‍. കാവ്യാത്മകമായ വരികളാണ് മലയാളം പാട്ടുകള്‍ക്കെന്നും ശ്രേയ കൂട്ടിച്ചേര്‍ത്തു.