അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2വിന്റെ പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച കേസിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ അനുനയന നീക്കങ്ങൾ വകവെയ്ക്കാതെ തെലങ്കാന സർക്കാർ. കേസിൽ മുൻ നിലപാടിൽ നിന്നു മാറ്റമില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി സിനിമാ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. സിനിമ മേഖലക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ല. ബെനിഫിറ്റ്, പ്രീമിയർ ഷോകൾക്കുള്ള നിരോധനം പിൻവലിക്കില്ല. സിനിമ സബ്‌സിഡി പിൻവലിച്ചത് പുനഃപരിശോധിക്കാനാവില്ലെന്നും രേവന്ത് റെഡ്ഢി വ്യക്തമാക്കി.
അല്ലു അർജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്, നടന്‍ ചിരഞ്ജീവി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. നടൻ അല്ലു അർജുന്റെ അറസ്റ്റ് അടക്കമുള്ള കർശന നടപടികളിൽ തുടരുന്ന സാഹചര്യത്തിലാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ മുഖ്യമന്ത്രിയെ കണ്ടത്. ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ രാവിലെ ഹൈദരാബാദിലെ പൊലീസ് കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിലായിരുന്നു കൂടിക്കാഴ്ച. അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദിനും താരങ്ങൾക്കും പുറമെ തെലുങ്ക് സിനിമയിലെ നിർമാതാക്കളും വിതരണക്കാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
സന്ധ്യ തിയേറ്റർ അപകടത്തിൽ യുവതി മരിച്ചതിനു പിന്നാലെ സിനിമകളുടെ ബെനിഫിറ്റ്, പ്രീമിയർ ഷോകൾ സർക്കാർ നിരോധിച്ചിരുന്നു. കൂടാതെ നികുതി സബ്‌സിഡി നിർത്തലാക്കുകയും ചെയ്ടിരുന്നു.