12ത് ഫെയില്‍ എന്ന ഒറ്റ ചിത്രം കൊണ്ട് രാജ്യമാകെ ശ്രദ്ധ നേടിയ നടനാണ് വിക്രാന്ത് മാസി. 2013 മുതല്‍ തന്നെ താരം സിനിമയിലുണ്ടെങ്കിലും 12ത് ഫെയിലാണ് താരത്തിന് വലിയ ശ്രദ്ധ നേടികൊടുത്തത്. ദി സബര്‍മതി റിപ്പോര്‍ട്ട് ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന വിക്രാന്തിന്‍റെ ചിത്രം. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ വിക്രാന്ത് പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരിക്കുകയാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആപത്തിലല്ലെന്നാണ് വിക്രാന്ത് അഭിമുഖത്തില്‍ പറഞ്ഞത്. 'ബിജെപിയുടെ വലിയ വിമര്‍ശകനായിരുന്നു ഞാന്‍. എന്നാല്‍ രാജ്യമാകെ സഞ്ചരിച്ചതിനുശേഷം കാര്യങ്ങള്‍ അത്രക്കൊന്നും മോശമല്ല എന്ന് എനിക്ക് മനസിലായി. രാജ്യത്തെ മുസ്ലിങ്ങള്‍ ആപത്തിലല്ല,' വിക്രാന്ത് പറഞ്ഞു.
ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന തന്‍റെ പുതിയ ചിത്രം ദി സബര്‍മതി റിപ്പോര്‍ട്ട് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിക്രാന്ത് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി തനിക്ക് വധഭീഷണി ഉണ്ടെന്നും എന്നാല്‍ സിനിമയെ പറ്റി ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങൾ കലാകാരന്മാരാണ്, ഞങ്ങൾ കഥകൾ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും,' വിക്രാന്ത് പറഞ്ഞു.
ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് അഭിനയിക്കുന്നത്. ധീരജ് സർണ സംവിധാനം ചെയ്യുന്ന സിനിമയില്‍ റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.