നയന്‍താരക്കും വിഘ്നേഷ് ശിവനുമെതിരെ നിര്‍മാതാവും സംവിധായകനുമായ എസ്.എസ്.കുമരന്‍. വിഘ്നേഷിന്റെ പുതിയ ചിത്രം എല്‍ഐസിയുടെ ടൈറ്റില്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ സുമ പിക്ചേഴ്സിനൊപ്പം 2015ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും തന്‍റെ അനുവാദമില്ലാതെയാണ് പുതിയ ചിത്രത്തിനായി വിഘ്നേഷ് ഇത് ഉപയോഗിച്ചതെന്നും കുമരന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2023ലും ഇതേ വിഷയമുന്നയിച്ച് കുമരന്‍ രംഗത്തെത്തിയിരുന്നു. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിനെതിരെ നയന്‍താര രംഗത്തെത്തിയതിനുപിന്നാലെയാണ് കുമാരന്‍റെ പ്രസ്താവന പുറത്തുവന്നത്.
അനുമതിയില്ലാതെ മൂന്ന് സെക്കന്‍റ് വിഡിയോ ഉപയോഗിച്ചതിനു ധനുഷ് നിങ്ങള്‍ക്ക് ഒരു നിയമപരമായ നോട്ടീസ് നല്‍കി. എല്‍ഐസി എന്ന ടൈറ്റില്‍ എന്‍റെ പ്രൊഡക്ഷന് ഹൗസിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അറിയാമെങ്കിലും നിങ്ങളുടെ ഭര്‍ത്താവ് അത് ഉപയോഗിച്ചു. ആരെയോ ഉപയോഗിച്ച് വിഘ്നേഷ് അനുമതി ചോദിച്ചിരുന്നുവെങ്കിലും ഞാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും അദ്ദേഹം എല്‍ഐസി എന്ന പേരില്‍ തന്നെ സിനിമ മാര്‍ക്കറ്റ് ചെയ്തു. ഇതിനെ നിങ്ങള്‍ എങ്ങനെ ന്യായീകരിക്കുമെന്ന് കുമരന്‍ പറഞ്ഞു.
'എല്‍ഐസിയുടെ കഥ എന്‍റെ കഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനാലാണ് വിഘ്നേഷിന്റെ ആവശ്യം നിരാകരിച്ചത്. ഒരു വിഡിയോ ഉപയോഗിക്കാനായി നിങ്ങളെക്കാള്‍ വളരെ ശക്തനായ വ്യക്തിയുടെ അനുമതിക്കായി രണ്ട് വര്‍ഷത്തോളം കാത്തു, എന്നാല്‍ എന്നെ ചവിട്ടിതാഴ്ത്തി, കാരണം ഞാന്‍ ഒരു ചെറിയ പ്രൊഡ്യൂസര്‍ ആണ്. ഇതെന്നെ ഒരുപാട് വിഷമിപ്പിച്ചു, ദൈവത്തിന് മുന്നില്‍ നിങ്ങള്‍ മറുപടി നല്‍കണം. വൈകാരികമായ വളരെയധികം വിഷമാവസ്ഥയിലൂടെയാണ് കടന്നുപോയത്. നിങ്ങള്‍ ചെയ്തത് എന്‍റെ സിനിമയേയും ബാധിച്ചു.
എല്ലാ സംവിധായകരും സമയവും പണവും ചിലവഴിച്ചാണ് അവരുടെ സിനിമ നിര്‍മിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കണമെങ്കില്‍ നിയമപരമായി അനുമതി വാങ്ങണമെന്നത് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ ചെയ്യുന്നതൊന്നും സൗജന്യമല്ല, എന്നാല്‍ ഞങ്ങളുടെ വിഡിയോയും ടൈറ്റിലും സൗജന്യമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു, നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഭീകരമായ ട്രെന്‍ഡ് ആണിത്,' പുറത്തുവിട്ട പ്രസ്താവനയില്‍ കുമരന്‍ പറഞ്ഞു.
മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ.