nayanthara-dhanush-issue

നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് ഇപ്പോള്‍ ചര്‍ച്ച. നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയൻതാര സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഈ സിനിമയുടെ ചില ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ നയൻതാര നൽകിയിരിക്കുന്നത്. വെറും മൂന്ന് സെക്കൻഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്നേഷിനോടും പകയാണെന്നും നയൻതാര തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പിണക്കം വീണ്ടു ചര്‍ച്ചയാകുന്നത്.

nayanthara-vignesh

തമിഴ് സൂപ്പർ താരങ്ങളായ നയൻ താരയും ധനുഷും തമ്മിലുള്ള പോര് 2016ലെ ഫിലിം ഫെയർ അവാർഡ് വേദിയിൽ വച്ച് തുടങ്ങിയതാണ്. നാനും റൗഡി താൻ എന്ന ചിത്രം നിർമിച്ചത് ധനുഷ് ആയിരുന്നു,  ഈ ചിത്രത്തിലെ നയൻതാരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല. ഷൂട്ടിങ്ങിനിടെ സെറ്റിൽ ധനുഷ് എത്തി നയൻതാരയുടെ അഭിനയം മെച്ചപ്പെടുത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാർത്തകൾ വന്നിരുന്നു. ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകൾ നേടിയ നയൻതാരയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു. 

dhanush-nayanthara-vignesh

അവാർഡ് വാങ്ങാൻ വേദിയിലെത്തിയ നയൻതാര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തിൽ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു. ‘എനിക്ക് ഈ അവസരത്തിൽ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താൻ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീർത്തും വെറുത്തിരുന്നു. എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതിൽ സോറി ധനുഷ്, അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കാം.” എന്നാണ് നയൻതാര അന്ന് വേദിയിൽ സംസാരിച്ചത്.

nayanthara-photo

നാനും റൗഡി താൻ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ‘നാനും റൗഡി താൻ റിലീസ് ചെയ്തിട്ട് ഏകദേശം 10 വർഷമായി. ‘ലോകത്തിനു മുന്നിൽ നന്മയുടെ മുഖംമൂടി ധരിച്ച ഒരാൾ ഉള്ളിൽ ഇത്രയും നീചമായ വെറുപ്പ് സൂക്ഷിക്കുന്നത് അത്ഭുതം തന്നെ. ഒരു നിർമ്മാതാവ് എന്ന നിലയിൽ നിങ്ങൾക്ക് ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന സിനിമ നിങ്ങൾക്ക് സമ്മാനിച്ചവരെക്കുറിച്ച് നിങ്ങൾ പറഞ്ഞ വാക്കുകൾ ഞങ്ങളിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. സിനിമയെക്കുറിച്ച് നിങ്ങൾ പറഞ്ഞ എല്ലാ നീചമായ കാര്യങ്ങളും ഞാൻ മറന്നിട്ടില്ല. പ്രീറിലീസിനു തൊട്ടുമുൻപ് നിങ്ങൾ പറഞ്ഞ കാര്യങ്ങളും ചിത്രം വൻ ഹിറ്റായപ്പോൾ നിങ്ങളുടെ ഈഗോയ്ക്ക് മുറിവേറ്റു എന്ന് നിങ്ങൾ പറഞ്ഞതും പലരും പറഞ്ഞു ഞാനറിഞ്ഞിരുന്നു. ഈ സിനിമ വിജയിച്ചതിലുള്ള നിങ്ങളുടെ അതൃപ്തി 2016 ഫിലിംഫെയർ അവാർഡ് ഫംഗ്‌ഷനിൽ പങ്കെടുത്ത സാധാരണക്കാർക്ക് പോലും വ്യക്തമായിരുന്നു.’ നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

nayanthara
ENGLISH SUMMARY:

Dhanush absolutely hated my performance: Nayanthara on Filmfare 2016 stage