29 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ നിന്നാണ് എആര്‍ റഹ്മാനും സൈറ ബാനുവും വേര്‍പിരിയുന്നത്. തിങ്കളാഴ്ച രാത്രിയാണ് വേര്‍പിരിയുന്ന വിവരം അഭിഭാഷക മുഖേനെ സൈറ ബാനു അറിയിച്ചത്. പിന്നാലെ എക്സില്‍ എആര്‍ റഹ്മാനും പ്രതികരിച്ചു.
മുപ്പതിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചരുന്നു. എന്നാല്‍ എല്ലാത്തിനും അദൃശ്യമായൊരു അന്ത്യമുണ്ട്. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറച്ചേക്കാം. ദുര്‍ഘടമായ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിച്ചതിന് നന്ദി എന്നാണ് എആര്‍ റഹ്മാന്‍ എക്സില്‍ കുറിച്ചത്.
സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ സൈറയുമായുള്ള വിവാഹത്തെ പറ്റി എ.ആര്‍ റഹ്മാന്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതായിരുന്നു. സംഗീത കരിയറിലെ തിരക്കുള്ള സമയത്ത് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തിരയാന്‍ പോലും സമയമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. 'രംഗീലയുമായി ബന്ധപ്പെട്ട ജോലികളില്‍ തിരക്കായിരുന്ന സമയമായിരുന്നു. ഇതാണ് വിവാഹത്തിന് മികച്ച സമയമെന്ന് എനിക്ക് തോന്നി. ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഞാന്‍ അമ്മയോട് പറഞ്ഞു' എന്നാണ് അദ്ദേഹം വിവരിക്കുന്നത്.
നസ്റീന്‍ മുന്നി കബീറുമായുള്ള അഭിമുഖത്തിലും വ്യക്തിജീവിതത്തെ പറ്റി അദ്ദേഹം സംസാരിക്കുന്നുണ്ട്. 'ഞാൻ പെൺകുട്ടികളോട് അധികം സംസാരിച്ചിരുന്നില്ല. ഒരുപാട് യുവ ഗായികമാരെ സ്റ്റുഡിയോയില്‍ കാണാറുണ്ട്, ജോലി ചെയ്യാറുണ്ട്. എന്നാല്‍ ഒരു ദിവസം ഇവള്‍ എന്‍റെ ഭാര്യയാകുമെന്ന രീതിയില്‍ ഞാന്‍ ആരെയും നോക്കിയിട്ടില്ല. പെണ്‍കുട്ടികളെ പറ്റി ചിന്തിക്കാന്‍ അന്ന് സമയം കിട്ടിയിരുന്നില്ല. അന്ന് രാപ്പകലില്ലാതെ പണിയെടുക്കുകയായിരുന്നു' എന്നാണ് എആര്‍ റഹ്മാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
1995 ജനുവരി ആറിനാണ് സൈറയെ ആദ്യമായി കാണുന്നതെന്ന് എആര്‍ റഹ്മാന്‍ പറയുന്നു. അന്ന് അദ്ദേഹത്തിന്‍റെ 28-ാം പിറന്നാളായിരുന്നു. അതൊരു ദീര്‍ഘസംഭാഷണമായിരുന്നു. പിന്നീട് ഞങ്ങള്‍ ഫോണില്‍ ചാറ്റ് ചെയ്തു. അവള്‍ കച്ചിയും ഇംഗ്ലീഷുമാണ് സംസാരിച്ചിരുന്നത്. എന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടോയെന്ന് ഞാന്‍ ഇംഗ്ലീഷിലാണ് അവളോട് ചോദിച്ചത്. 1995 മാര്‍ച്ച് 12 ന് ചെന്നൈയിലായിരുന്നു ഇവരുടെ വിവാഹം. നസ്റീന്‍റെ എആര്‍ റഹ്മാന്‍ ദി സ്പിരിറ്റ് ഓഫ് മ്യൂസിക്ക് എന്ന പുസ്തകത്തിലാണ് അഭിമുഖമുള്ളത്.
റഹ്മാന്‍റെ അമ്മയും സഹോദരിയും ചെന്നൈയിലെ തീര്‍ഥാടക കേന്ദ്രത്തില്‍ നിന്നാണ് സൈറയെ കാണുന്നതും സംസാരിക്കുന്നതും. സൗത്ത് ഇന്ത്യന്‍ കുടുംബവും ഗുജറാത്തി പശ്ചാത്തലത്തിലുള്ള സൈറയുമായി ഒത്തുപോയതിന്‍റെ കഥയും റഹ്മാന്‍ വിവരിക്കുന്നു.
'ഏതൊരു കുടുംബത്തെയും പോലെ പുതുതായി വരുന്നൊരാളുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് അല്‍പം സമയമെടുത്തു. എല്ലാ അമ്മമാരെയും പോലെ എന്‍റെ അമ്മയും പൊസസീവായിരുന്നു. കൂടാതെ ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. അക്കാലത്ത് ഒരുപാട് അഡ്ജസ്റ്റമെന്‍റ് ആവശ്യമായിരുന്നു. 1995 ല്‍ ഞങ്ങളുടെ മൂത്ത കുട്ടി ഖതീജയുടെ ജനനശേഷം എല്ലാ കാര്യവും നല്ല രീതിയിലായി' എന്നും റഹ്മാന്‍ പറയുന്നു.