പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇതിന് പിന്നാലെ ചര്‍ച്ചയാകുന്നത് ഇരുവരുടെയും വിവാഹ കഥകളാണ്.
തങ്ങളുടേത് വീട്ടുകാർ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്നും, അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നും റഹ്മാന്‍ പല ഇന്‍റര്‍വ്യൂസിലും പറഞ്ഞിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാൻ മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കൽപങ്ങൾ. റഹ്മാന്റെ ആദ്യത്തെ രണ്ടുകാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ നിബന്ധന മനസിലാക്കി പെൺകുട്ടിയെ തിരയാൻ അമ്മയ്ക്ക് അൽപം പ്രയാസമായിരുന്നു. അതായിരുന്നു റഹ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും. അങ്ങനെ ഒരു ദിവസം പള്ളിയിൽ പ്രാർഥനാ നിർഭരയായി നിൽക്കുന്ന ഒരു പെൺകുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹർ ആയിരുന്നു അത്.
തുടർന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹർ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നു റഹ്മാൻ സൈറയെ വിവാഹം കഴിക്കുന്നത്. അമ്മയ്ക്ക് ശേഷം റഹ്മാന്റെ ജീവിതത്തിൽ ശക്തി കേന്ദ്രമായി പ്രവർത്തിച്ചിട്ടുള്ളവരിൽ പ്രധാനിയും ഭാര്യ സൈറ ബാനു തന്നെയാണ്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം.