ധനുഷിനെതിരായി നയന്‍താര രംഗത്തെത്തിയതിനു പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് ആദ്യമായി രംഗത്തെത്തിയയാളാണ് പാര്‍വതി. ഇപ്പോളിതാ നയന്‍താരയെ പിന്തുണച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് താരം. നയന്‍ താരയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ അധികം സമയം വേണ്ടിവന്നില്ലെന്നും വെറുതെ എന്തെങ്കിലും പറയുന്ന ഒരാളല്ല നയന്‍ താരയെന്നും പാര്‍വതി മനോരമ ന്യൂസിനോട് പറഞ്ഞു. ഒരുഘട്ടം കഴിയുമ്പോള്‍ നമുക്ക് നമ്മളെ തന്നെ എല്ലാവരിലും കാണാന്‍ കഴിയും, സപ്പോര്‍ട്ട് ഇല്ലാത്ത അവസ്ഥ താന്‍ അനുഭവിച്ചിട്ടുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

നയന്‍ താരയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച പാര്‍വതി, മാറ്റത്തിനായിട്ടോ തന്‍റേതായ അവകാശങ്ങള്‍ക്കായിട്ടോ ആരു സംസാരിക്കുകയാണെങ്കിലും അവരെ ഒറ്റപ്പെടുത്തുക എന്നുള്ളത് സ്വാഭാവിമാണെന്നും സൈബര്‍ ആക്രമണം ഒരു ക്രൈമാണെന്നും പറഞ്ഞു. ‘സൈബര്‍ ആക്രമണം അതിന്‍റെ വഴിയേ നടക്കും. നമ്മളെ തരംതാഴ്ത്താന്‍ പലരും വരും. അതവര്‍ ചെയ്യട്ടെ. പക്ഷേ ന്യായം നീതി എന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. ആ രീതിയില്‍ ചിന്തിച്ചാല്‍‌ അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ എപ്പോളും നിലകൊള്ളും, പ്രത്യേകിച്ചും അതൊരു സ്ത്രീയാണെങ്കില്‍’ പാര്‍വതി പറയുന്നു.

പാര്‍വതിയുടെ വാക്കുകളിലേയ്ക്ക്... 

‘നയന്‍താരയെ പിന്തുണച്ച് നിലപാടെടുക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. പോസ്റ്റു കണ്ടപ്പോള്‍ തന്നെ പങ്കുവയ്ക്കണമെന്നുതോന്നി. സെല്‍ഫ് മെയ‍‍ഡ് വുമണ്‍ എന്നു പറയാവുന്ന, തനിയെ കരിയര്‍ കെട്ടിപ്പടുത്ത നയന്‍താരയ്ക്ക് ഇങ്ങനെയൊരു തുറന്ന കത്ത് എഴുതേണ്ടി വന്നു. വെറുതെ എന്തെങ്കിലും പറയുന്ന ഒരാളല്ല അവര്‍, നമുക്കെല്ലാവര്‍ക്കും അവരെ അറിയാം. മൂന്നു പേജില്‍ അവര്‍ അനുഭവിച്ച കാര്യങ്ങള്‍ എഴുതേണ്ടി വന്നു. അപ്പോള്‍ എനിക്ക് പിന്തുണയ്ക്കണമെന്നു തോന്നി. അതൊരു യഥാര്‍ഥ പ്രശ്നമാണ്. നയന്‍താരയെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ കത്തില്‍ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ നമുക്ക് നമ്മളെ തന്നെ എല്ലാവരിലും കാണാന്‍ കഴിയും. അതുകൊണ്ടും കൂടിയാണിത്. 

ഒരു മാറ്റത്തിനായോ തന്‍റെ അവകാശങ്ങള്‍ക്കായോ ആരു സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. അത് ഞാന്‍ അനുഭവിച്ചതുകൊണ്ടുതന്നെ എനിക്കറിയാം. ആദ്യമായി സൈബര്‍ ആക്രമണം നേരിടുന്ന ആള്‍ക്കാരെ അത് നന്നായി ബാധിക്കും. അതൊരു ക്രൈമാണ്. ആരും ചെയ്യാന്‍ പാടില്ലാത്ത ഒന്ന്. പക്ഷേ അതൊന്നും ബാധിക്കാത്ത രീതിയിലേക്ക് നയന്‍താര മാറിയിട്ടുണ്ട്. അത്രയും പ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണ് അവര്‍ ഈ സ്ഥാനത്ത് എത്തിയത്. സൈബര്‍ ആക്രമണം ഒരു വഴിയില്‍ നടക്കും. നമ്മളെ തരംതാഴ്ത്താന്‍ പലരും വരും. അതവര്‍ ചെയ്യട്ടെ. പക്ഷേ ന്യായം നീതി എന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. 

എനിക്ക് പറയാന്‍ സ്പെയ്സ് കിട്ടിയാല്‍ ഞാന്‍ പറയും എന്നു തന്നെയാണ് നയന്‍താര പറയുന്നത്. എല്ലാവര്‍ക്കും പിന്തുണയ്ക്കാന്‍ സാധിച്ചെന്നുവരില്ല അവരെ കുറ്റപ്പെടുത്തുകയല്ല, പക്ഷേ പിന്തുണ ഇല്ലായ്മ ഞാന്‍ അറിഞ്ഞിട്ടുണ്ട്. അതിലൂടെ കടന്നുപോയ ആളാണു ഞാന്‍, സപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ അതെങ്ങിനെ എന്നെ മാറ്റിയെന്നും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ആ രീതിയില്‍ ചിന്തിച്ചാള്‍ അത്തരക്കാര്‍ക്കുവേണ്ടി ഞാന്‍ എപ്പോളും നിലകൊള്ളും, പ്രത്യേകിച്ചും അതൊരു സ്ത്രീയാണെങ്കില്‍.’ പാര്‍വതി പറയുന്നു.

ENGLISH SUMMARY:

Parvathy was the first to come forward in support of Nayanthara after she took a stand against Dhanush. Now, Parvathy has explained the reason behind her support. Speaking to *Manorama News*, she stated that it didn’t take much time to back Nayanthara, as she is not someone who speaks without reason. Parvathy added, “At some point, we begin to see ourselves in everyone else. I’ve experienced what it feels like to lack support.