മലയാള സിനിമയില്‍ പഴയ തലമുറയെക്കാള്‍ മോശമാണ് പുതുതലമുറയെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുന്ന പല സംഭവങ്ങളുണ്ടായിട്ടും മലയാളത്തിലെ യുവ താരങ്ങളിൽ പലരും മൗനത്തിലാണെന്ന് പാര്‍വതി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എഴുത്തുകാരി അരുദ്ധതി റോയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു പാർവതി. നിലവിൽ മലയാള സിനിമാ രംഗത്തുള്ള പ്രശ്‌നങ്ങളിൽ യുവ നടൻമാരുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ടെന്ന് പാർവതി പറഞ്ഞു. 'പുതുതലമുറയിലെ നടൻമാർ പഴയ തലമുറയിലേത് പോലെയല്ല. കുറച്ച് കൂടെ മോശമാണ്. പഴയ തലമുറ പാട്രിയാർക്കിയിൽ കുറേക്കൂടി കമ്മിറ്റഡ് ആയിരുന്നു. പുതുതലമുറയുടെ മടിയാണ് എന്നെ അലട്ടുന്നത്. അവർക്ക് എന്താണ് നടക്കുന്നതെന്ന് കാണാം. ഇൻഡ്‌സ്ട്രിയിൽ ചില ആളുകൾക്ക് നീരസവുമുണ്ട്. കാരണം മുൻ തലമുറയ്ക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ അവർക്ക് ലഭിക്കുന്നില്ല,' പാര്‍വതി പറഞ്ഞു.
മലയാളം ഇൻഡസ്‌ട്രി ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും എന്നാൽ ആൽഫ ആൺ സങ്കൽപ്പങ്ങളും സ്ത്രീവിരുദ്ധതയെയും മഹത്വവൽക്കരിക്കുന്ന ബിഗ് ബജറ്റ് സിനിമകൾ ഇപ്പോഴും നിർമ്മിക്കപ്പെടുന്നുണ്ടെന്നും പാർവ്വതി പറഞ്ഞു.
"ഈ സിനിമകൾ ആൽഫ ആൺ സങ്കൽപ്പങ്ങളും സ്ത്രീകളെക്കുറിച്ചുള്ള കാലഹരണപ്പെട്ട സങ്കൽപ്പങ്ങള്‍ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു. ഞാൻ അടുത്തിടെ അത്തരത്തിലുള്ള ഒരു സിനിമ കണ്ടു. നേരത്തെ, ഈ ആളുകളുമായി വീണ്ടും പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ ആശങ്കാകുലനായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ചിന്തകൾ എന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നില്ല,' പാർവ്വതി പറഞ്ഞു.