അമ്മയുടെ തലപ്പത്ത് പുതിയ ആളുകള്‍ വന്നാലും പഴയ ആളുകള്‍ വന്നാലും അവര്‍ എന്താണ് ചെയ്യുന്നത് എന്നാണ് നോക്കുക എന്ന് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു സെന്‍സേഷണലിസത്തില്‍ മാത്രം ഒതുങ്ങുന്ന കാര്യമാകില്ലെന്നും അത് ഉറപ്പ് വരുത്താന്‍ നമ്മള്‍ എല്ലാവരുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.
'വലിയ പ്രസ്താവനകള്‍ ആളുകള്‍ നടത്തുമ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നാണ് ഞാന്‍ നോക്കുക. കളക്ടീവ് ഘോരഘോരമായി അത് ചെയ്യുന്നു ഇത് ചെയ്യുന്നു എന്ന് പറയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. അതുണ്ടാക്കുന്ന സ്വാധീനം മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി.
എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവര്‍ തന്നെ വരട്ടെ. പുതിയതായി ആര് വന്നാലും പഴയ ആള്‍ക്കാര്‍ തന്നെ വന്നാലും അവര്‍ എന്താണ് ചെയ്യുന്നത് എന്നത് മാത്രമെ നമുക്ക് നോക്കാനുള്ളു. എഎംഎംഎ തിരിച്ച് വരാന്‍ പാടില്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതാരും പറഞ്ഞിട്ടില്ല. ഒരു സംഘടനയുണ്ടാവണം. എത്ര കാലം എടുത്ത് ഉണ്ടാക്കിയ സംഘടനയാണ്. അതിന് നല്ലൊരു നേതൃത്വം വരികയാണെങ്കില്‍ അത് നല്ല കാര്യം.
എന്നാല്‍ ഒരു കാര്യമുണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു സെന്‍സേഷണലിസത്തില്‍ മാത്രം ഒതുങ്ങുന്ന കാര്യമാകില്ല. അത് ഉറപ്പ് വരുത്താന്‍ നമ്മള്‍ എല്ലാവരുമുണ്ട്. നമ്മുടെ ചോരയും നീരും കഷ്ടപ്പാടുമെല്ലാം അതിലുണ്ട്. ഇത് നമ്മുടെ ജോലി സ്ഥലത്തിന്‍റെ പ്രശ്നമാണ്. അതിനെ വളരെ ബഹുമാനത്തോടെയാണ് ഞാന്‍ കാണുന്നത്. ഇതൊരു നീണ്ട പോരാട്ടമാണ്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ആരെയും പേടിപ്പിക്കാനോ വലിച്ച് താഴെയിടാനോ വേണ്ടിയല്ല ഒന്നും ചെയ്യുന്നത്. ന്യായവും തുല്യവുമായ ജോലിസ്ഥലം എല്ലാവര്‍ക്കും ലഭിക്കണം,' പാര്‍വതി പറഞ്ഞു.