നടന്‍ മേഘനാദന്‍ വിടവാങ്ങിയപ്പോള്‍ അവസാനിക്കുന്നത് മണ്ണിലിറങ്ങി പൊന്നു വിളയിച്ചിരുന്ന വെള്ളുവനാടന്‍ കാര്‍ഷിക സംസ്കൃതിയുടെ ഒരു ശേഷിപ്പ് കൂടിയാണ്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അച്ഛന്‍ ബാലന്‍ കെ. നായരെപ്പോലെ പാടത്തും പറമ്പിലും ഓടിനടന്നു കൃഷിജോലികളില്‍ മുഴുകിയിരുന്ന മേഘനാദനെന്ന നാട്ടിന്‍പുറത്തുകാരനെ കുറിച്ചു പക്ഷേ പുറം ലോകത്തിന് അധികം അറിയില്ല.
നീണ്ടുനിവര്‍ന്നു കിടക്കുന്ന പാടങ്ങള്‍. അതില്‍ നിറയെ പണിക്കാര്‍. രാമന്‍കണ്ടത്ത് തറവാടിന്റെ പ്രതാപകാലത്താണ് മേഘനാദന്‍ ജനിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്ത് ജ്വലിച്ചു നില്‍ക്കുമ്പോഴും വീട്ടിലെത്തുമ്പോള്‍ പാടത്തിറങ്ങുന്ന അച്ഛന്‍ ബാലന്‍ കെ. നായരെ കണ്ടാണ് വളര്‍ച്ച. അങ്ങനെയാണു മേഘനാദന് മണ്ണിനോടും മനുഷ്യരോടും അടുപ്പമാകുന്നത്.
കാലം കടന്നുപോയി. അടുത്തിടെ വരെ നെല്ല് വിളഞ്ഞിരുന്ന പാടങ്ങള്‍ പുതിയകാലത്തിനൊപ്പം ഓടാനാവാതെ തരിശായി. കളകള്‍ നിറഞ്ഞു. അപ്പോഴും രാമന്‍കണ്ടത്ത് തറവാടിന്റെ പാരമ്പര്യം വിടാന്‍ നാട്ടുകാരുടെ ഉണ്ണിയായ മേഘനാദന്‍ തയാറായിരുന്നില്ല. തൊടിയിലും പറമ്പിലും പൊന്നു വിളയിക്കുന്ന കര്‍ഷകനായി. വിളഞ്ഞു നില്‍ക്കുന്ന വിവിധ തരം ചെടികളും പഴങ്ങളും അതിനു സാക്ഷ്യം പറയുന്നു. സിനിമയ്ക്ക് പുറത്ത് നല്ലൊരു കര്‍ഷകനായിരിക്കണമെന്ന് ജീവിതത്തിലെപ്പോഴും വാശിപിടിച്ചിരുന്ന വെള്ളുവനാട്ടുകാരന്റെ വീടും പരിസരവും പിന്നെ എങ്ങനെയാവാണ്.
Also Read; 'എഎംഎംഎ തലപ്പത്തേക്ക് ആര് വേണേലും വരട്ടെ, അവര്‍ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം'
അച്ഛന്‍ ബാലന്‍ കെ നായരുടെ സിദ്ധികള്‍ പകര്‍ന്നുകിട്ടിയത് മേഘനാദനായിരുന്നു. അത് സിനിമ ആയാലും കൃഷിയായാലും. അസുഖം കീഴടക്കുന്ന അടുത്തുകാലത്തു വരെ ട്രാക്ടറില്‍ നിലം ഉഴുതു മറിക്കുന്ന ഉണ്ണിയുടെ കാഴ്ച ഇപ്പോഴുമുണ്ട് നാട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും കണ്ണുകളില്‍. മേഘനാദന്‍ മടങ്ങുമ്പോള്‍ പാരമ്പര്യമായി കാത്തുസൂക്ഷിച്ച ഈ കാര്‍ഷിക സംസ്കാരത്തിന്റെ തുടര്‍ച്ച കൂടിയാണ് മുറിയുന്നത്.