തെന്നിന്ത്യന്‍ സിനിമാലോകം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാന പ്രണയം. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെങ്കിലും ഇക്കാര്യത്തില്‍ ഇരുവരുടെയും ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നാലിപ്പോഴിതാ റിലേഷന്‍ഷിപ്പിനെ കുറിച്ച് രശ്മിക പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ എന്ന ചോദ്യത്തിന്, 'എല്ലാർക്കും തെരിഞ്ച വിഷയം താ', എന്നായിരുന്നു രശ്മിക മറുപടി. പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം.
ഗീതാഗോവിന്ദം എന്ന തെലുങ്ക് ചിത്രം ഹിറ്റ് ആയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുളള റിലേഷന്‍ഷിപ്പ് വാര്‍ത്തകള്‍ ആരംഭിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷിച്ച താരജോഡികളായിരുന്നു രശ്മികയും വിജയ് ദേവരകൊണ്ടയും. ഗീതാഗോവിന്ദത്തിന് പിന്നാലെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്നും ഡേറ്റിങ്ങിലാണെന്നുമുളള വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചു. ഇതിനിടയില്‍ ഇരുവരും ഒന്നിച്ച് റെസ്റ്ററെന്‍റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കൂടി പുറത്തുവന്നതോടെ വിജയ് രശ്മിക പ്രണയം ആരാധകര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ലോഞ്ചിനിടെ പ്രണയിതാവിനെ കുറിച്ച് രശ്മിക പറഞ്ഞ വാക്കുകളാണ് പ്രണയം സ്ഥിരീകരിക്കുന്ന തരത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്. അതേസമയം എല്ലാർക്കും തെരിഞ്ച വിഷയം താ എന്നു പറഞ്ഞതിന് പിന്നാലെ ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുണ്ട്. തമാശരൂപേണ പറഞ്ഞ വാക്കുകള്‍ സോഷ്യലിടത്ത് രശ്മിക പ്രണയം സ്ഥിരീകരിച്ചു എന്ന തരത്തിലാണ് പ്രചരിക്കുന്നത്. ഇതിനൊപ്പം തന്നെ ഒരഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളും വൈറലാണ്. തന്‍റെ പങ്കാളിയുടെ പേര് പറയാതെ, താൻ ഒരു ബന്ധത്തിലാണെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍.
രശ്മികയും വിജയ്യും പ്രണയം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് ദേവരകൊണ്ട ഇപ്പോൾ വിഡി 12 ഷൂട്ടിംഗ് തിരക്കിലാണ്. രശ്മികയുടെ പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.