മതനിന്ദ ആരോപിച്ച് 'ടര്‍ക്കിഷ് തര്‍ക്കം' തിയറ്ററില്‍നിന്ന് പിന്‍വലിച്ചത് പ്രമോഷനുവേണ്ടിയെന്ന് ആരോപണം. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന നീക്കം പൊലീസ് അന്വേഷിക്കണമെന്ന് വി.ടി.ബല്‍റാം. കപടമായ ഇത്തരം നീക്കങ്ങള്‍‌ തടയണമെന്ന് പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. സിനിമയ്ക്ക് ശ്രദ്ധകിട്ടാന്‍ മതങ്ങളെ വലിച്ചിഴക്കുന്നതിനെതിരെ സിനിമയുടെ ആദ്യ പിആര്‍ഒയും രംഗത്തെത്തി. 

നവംബര്‍ 22 തിയറ്ററിലെത്തിയ ടര്‍ക്കിഷ് തര്‍‌ക്കത്തിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് ബുധനാഴ്ച എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. മുസ്്ലിം കുടുംബത്തിെല കബറടക്കവും അടിപിടിയും വിവാദവും പൊലീസ് ഇടപെടലും പ്രമേയമായ സിനിമയ്ക്കെതിരെ ചിലര്‍ മതനിന്ദ ആരോപിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. മതനിന്ദ നടത്തിയതിന് നിര്‍മാതാവിനും സംവിധായകനും നേരെ ഭിഷണിയുണ്ടായെന്നുവരെ അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചുവെങ്കിലും ആരാണ് അതിന് പിന്നിെലന്നുമാത്രം വ്യക്തമാക്കാത്തതിനെയാണ് വി.ടി.ബല്‍റാം ചോദ്യംചെയ്തത്. പൊളിഞ്ഞ സിനിമയെ രക്ഷിക്കാന്‍ മതനിന്ദ ആരോപിക്കുന്നത് ഗൗരവതരവും അങ്ങേയറ്റം  അപകടകരവുമാണെന്ന് ബല്‍റാം വിമര്‍ശിച്ചു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന നീക്കമാണിതെന്നും ആവശ്യമെങ്കില്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ബല്‍റാം മനോരമ ന്യൂസിനോട് പറഞ്ഞു.   

സിനിമ വിജയിക്കാത്തതിന് മതങ്ങളെ വലിച്ചിഴച്ച് വ്യക്തിഹത്യനടത്തരുതെന്ന് പറഞ്ഞ് ടര്‍ക്കിഷ് തര്‍ക്കത്തിന്റെ ആദ്യ പിആര്‍ഒ പ്രതീഷ് ശേഖര്‍കൂടി രംഗത്തെത്തിയതോടെ വി.ടി.ബല്‍റാമിന്റെ ആരോപണത്തിന് മൂര്‍ച്ചകൂടി.

ഇതിനിടെ വിഷയം ഗൗരവതരമെന്നും കപടമായ ഇത്തരം നീക്കങ്ങള്‍‌ തടയണമെന്നും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും പ്രതികരിച്ചു. വിവാദം പ്രതിഷേധത്തിന് വഴിവച്ചിട്ടും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ പ്രതികരണത്തിന് തയാറായിട്ടില്ല. 

ENGLISH SUMMARY:

Allegations that Turkish Tharkkam was withdrawn from theaters for promotion