തൃശൂര്‍ വിരുപ്പാക്കയില്‍ ഷോക്കേറ്റ് പ്രവാസി മലയാളി മരിച്ചു. പന്നിക്കെണിയാണെന്ന് ആദ്യം സംശയം ഉയര്‍ന്നെങ്കിലും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റി മറുഭാഗം തെങ്ങിന്‍റെ പട്ടയിലാക്കി വൈദ്യുതി ലൈനില്‍ തൊട്ടാണ് മരണമെന്ന് പൊലീസ് പറയുന്നു.
തൃശൂര്‍ വിരുപ്പാക്ക സ്വദേശിയായ നാല്‍പത്തിയെട്ടുകാരന്‍ ഷെരീഫാണ് ഷോക്കേറ്റ് മരിച്ചത്. ഇന്നു രാവിലെയാണ് വീടിനടുത്തുള്ള പറമ്പില്‍ മൃതദേഹം കണ്ടത്. പന്നിയെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചത്. പിന്നീട്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തി. കാരണം, കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയിരുന്നു. ഈ വയറിന്റെ മറുഭാഗം തെങ്ങിന്റെ പട്ടയില്‍ ചുറ്റി വൈദ്യുതി ലൈനില്‍ തൊട്ടനിലയിലായിരുന്നു.
ഷെരീഫിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഇലക്ട്രിക് വയറാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടില്‍ നിന്ന് സഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കൊണ്ടുപോകുന്നത് കുടുംബാംഗങ്ങള്‍ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രവാസി മലയാളിയായിരുന്നു ഷെരീഫ്. ആത്മഹത്യാപ്രവണതയുള്ള വ്യക്തിയാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും അപായപ്പെടുത്തിയതിന്റെ ലക്ഷണങ്ങളും സംഭവസ്ഥലത്തില്ല. തെങ്ങും കവുങ്ങുമുള്ള പറമ്പാണിത്. ഷെരീഫിന്റെ വീടിനടുത്തു തന്നെയാണ് ഈ പറമ്പ്. ഈ ഭൂമിയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ ഏറെ താഴ്ന്നതാണ്. കുന്നംകുളം എ.സി.പി. : സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി സമഗ്രമായ അന്വേഷണം നടത്തി.