മലയാളികൾക്ക് എങ്ങനെ മറക്കാനാകും ഈ മുഖം.. അത്രയധികം തവണ നമ്മളിവരെ കണ്ടിട്ടുണ്ട്. ഒരുപാട് ചിരിപ്പിക്കയും ക്ലൈമാക്സിൽ വല്ലാതെ വേദനിപ്പിക്കുകയും ചെയ്ത പ്രിയദർശന്‍റെ വന്ദനത്തിലെ നായിക ഗിരിജ വീണ്ടും അഭിനയ രംഗത്തേക്കെത്തുന്നു.
ബ്രിട്ടണില്‍ ജനിച്ചു വളര്‍ന്ന നര്‍ത്തകിയായ ഗിരിജ ഷെട്ടാര്‍ തന്‍റെ 20ാം വയസില്‍ മണിരത്നം സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഗീതാജ്‍ഞലിയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.
1989ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനത്തിലെ ഗാഥയെന്ന കഥാപാത്രം അവരെ മലയാളികളുടെ പ്രിയതാരമാക്കി. 25 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് മടങ്ങി വരുകയാണ് താരം.
രക്ഷിത് ഷെട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ പരമാവ സ്റ്റുഡിയോസ് നിർമ്മിക്കുന്ന കന്നഡ ചലച്ചിത്രത്തിലാണ് ഗിരിജ പ്രധാന വേഷത്തിൽ എത്തുന്നത്. 'ഇബ്ബനി തബ്ബിട ഇലെയാലി'യാണ് ആ ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പയാണ് സംവിധാനം.
ക്ലൈമാക്സിൽ ഒന്നിക്കാനാകാതെ പിരിഞ്ഞ ഗാഥയുടെയും ഉണ്ണികൃഷ്ണന്റെയും പ്രണയം മലയാളി മനസിൽ എന്നും ഒരു വിങ്ങലാണ്. ഈ ചിത്രം കഴിഞ്ഞതോടെ, മലയാളിയുടെ മനസിൽ കയറിക്കൂടിയിരുന്നു ഈ നായികയും.
നൃത്തത്തിലുള്ള കഴിവ് കണ്ടാണ് മണിരത്നം തന്റെ ഗീതാഞ്ജലി എന്ന ചിത്രത്തിലേയ്‌ക്ക് ഗിരിജയെ ക്ഷണിച്ചത്. 1989ൽ പുറത്തിറങ്ങിയ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഗിരിജ നാലാളറിയുന്ന നായികയായി. നാഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. അതിനുശേഷം വിലലിലെണ്ണാവുന്ന ഏതാനും സിനിമകൾ ചെയ്ത ഗിരിജ 2003ൽ യോഗ ഫിലോസഫിയിലും സ്പിരിച്വൽ സൈക്കോളജിയിലും ഡോക്ടറേറ്റ് നേടി. വെള്ളിത്തിരയിൽ പിന്നെ അവരെ കണ്ടിട്ടില്ല. പിന്നീടവർ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു.