മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ എത്തി. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിലെ മോഹൻലാലിന്‍റെയും  ശോഭനയുടെയും ലുക്ക് ആണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്. ചില കഥകൾ തുടരാനുള്ളതാണ് എന്ന കുറിപ്പോടെ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ശോഭനയും മോഹൻലാലും ഒന്നിച്ച് ചായ കുടിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്‍റെ സംവിധായകൻ തരുൺ മൂർത്തിയും ശോഭനയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ എന്ന ഗാനരംഗത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ എന്ന് ചിലർ കമന്‍റുകളിൽ പറയുന്നുണ്ട്. വൈശാഖ സന്ധ്യേ ഗാനത്തിൽ മോഹൻലാലും ശോഭനയും ചായ കുടിക്കുന്ന രംഗവും പുതിയ പോസ്റ്ററും ചേർത്ത് ഉണ്ടാക്കിയ ചിത്രങ്ങളും കമന്റുകളിൽ ഉണ്ട്. മലയാളത്തിന്‍റെ എവർഗ്രീൻ കോംമ്പോ ചിത്രത്തിനായുള്ള കാത്തിരിപ്പ് വ്യക്തമാക്കുന്ന കമന്റുകളാണ് പോസ്റ്ററിനു താഴെ നിറയുന്നത്.

മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. 2009-ൽ അമൽ നീരദ് സംവിധാനം ചെയ്ത സാ​ഗർ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്.

ENGLISH SUMMARY:

The latest poster of Thudarum, featuring the iconic pairing of Mohanlal and Shobana, has been released, generating much excitement among fans. The poster, which shows the two actors sharing a cup of tea together, was shared across social media platforms, including by Mohanlal himself.