suresh-gopi

Image Credit: Facebook

ജീവിതത്തിലാദ്യമായി സ്യൂട്ട് ധരിച്ചതിന്‍റെ ഓര്‍മ പങ്കുവച്ച് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. സ്യൂട്ട് ധരിച്ചുകൊണ്ട് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തന്‍റെ ബാല്യകാല ഓര്‍മകള്‍ ആരാധകര്‍ക്കായി പങ്കുവച്ച താരം ഹൃദ്യമായ വരികളും ചിത്രത്തിനൊപ്പം കുറിച്ചു. മധുരമുള്ള  ഓര്‍മകള്‍ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

'മധുരമുള്ള  ഓര്‍മകള്‍. ജീവിതത്തില്‍  ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട്  മേടിച്ചു  തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും  ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍  ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം' എന്നാണ് ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത്. ചിത്രത്തില്‍ അമ്മയ്ക്കരികിലായി വലതുവശത്ത് നില്‍ക്കുന്ന കോട്ടിട്ട കുട്ടിയാണ് സുരേഷ് ഗോപി. സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം.

കെ. ഗോപിനാഥൻ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്തമകനായി 1958 ജൂൺ 26ന് ആലപ്പുഴയിലാണ് സുരേഷ് ഗോപിയുടെ ജനനം. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്.