മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് കഴിഞ്ഞെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 'ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം', എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.