നടൻ മോഹൻലാലിനെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ച പൊന്നമ്മച്ചിയിപ്പോള്‍ നാട്ടിലെ ഹീറോയാണ്. ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മ ദേവരാജിനെ തേടിയെത്തിയ ഭാഗ്യത്തെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. ചെങ്ങന്നൂരിൽ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തിയത്.
മന്ത്രി സജി ചെറിയാനാണ് നടൻ മോഹൻലാലിനെ സ്വീകരിക്കാൻ പൊന്നമ്മ ദേവരാജിനെ തിരഞ്ഞെടുത്തത്. വേദിയിൽ വച്ച് പൊന്നമ്മച്ചി മോഹൻലാലിന് പൂച്ചെണ്ടും പുസ്തകവും കൊടുത്തു. രണ്ടും നിറഞ്ഞ ചിരിയോടെ സ്വീകരിച്ച ലാൽ, പൊന്നമ്മച്ചിയെ ചേർത്തുപിടിച്ചു. സന്തോഷം കൊണ്ട് പൊന്നമ്മച്ചിയുടെയും വേദിയിലും സദസ്സിലുമായി കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു. തിരിഞ്ഞു നടക്കവെ സജി ചെറിയാനെയും മന്ത്രി എം.ബി രാജേഷിനെയും സന്തോഷക്കണ്ണീരോടെ പൊന്നമ്മ ആലിംഗനം ചെയ്തു. തന്റെ പ്രസംഗത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ച പൊന്നമ്മച്ചിക്ക് മോഹൻലാൽ പ്രത്യേക നന്ദിയും പറഞ്ഞു. ചടങ്ങിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചെങ്ങന്നൂർ നടക്കുന്ന ദേശീയ സരസ് മേളയുടെ മുഖ്യാതിഥിയായിയായി എത്തിയ പ്രിയ താരം മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ ക്ഷണിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മച്ചേച്ചിയെയാണ്. പൂച്ചെണ്ട് സ്വീകരിച്ച് ലാൽ പൊന്നമ്മ ചേച്ചിയെ ചേർത്തുനിർത്തിയതോടെ കരഘോഷങ്ങൾ ഉയർന്നു. സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹൻലാൽ തന്റെ പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു. നമ്മുടെ നാടിനെ മാലിന്യവിമുക്തമാക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഹരിത കർമ സേനയുടെ പ്രതിനിധിയായ പൊന്നമ്മചേച്ചിയെക്കൂടെയാണ് ഇതിലൂടെ ആദരിച്ചത്. ഏറെ സന്തോഷം. എന്നാണ് വിഡിയോക്ക് സജി ചെറിയാന്‍ നല്‍കിയ അടിക്കുറിപ്പ്.