prithviraj-supriya

എമ്പുരാന്‍ ഷൂട്ടിന്‍റെ ലാസ്റ്റ് ദിവസം പൃഥ്വിരാജിന് സര്‍പ്രൈസ് വിസിറ്റുമായി പങ്കാളിയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഷൂട്ടിന്‍റെ തിരക്കിലിരുന്ന പൃഥ്വിരാജ് അപ്രതിക്ഷിതമായി വന്ന സുപ്രിയയെ കണ്ട് അമ്പരന്നു. എന്തിനാണ് വന്നതെന്നായിരുന്നു ആദ്യ ചോദ്യം. മുംബൈയില്‍ നിന്നായിരുന്നു പൃഥ്വിരാജിനെ കാണാന്‍ സുപ്രിയ എത്തിയത്. 

താന്‍ ഇത്രയും ദൂരം വന്നിട്ടും എന്തിനാണ് വന്നതെന്നാണ് പൃഥ്വി ചോദിച്ചതെന്നാണ് ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോക്കൊപ്പം സുപ്രിയ കുറിച്ചത്. 'രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും ഫ്ളൈറ്റ് പിടിച്ച് വന്ന്, മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്​ത് എമ്പുരാന്റെ സെറ്റില്‍ ഡയറക്​ടര്‍ സാര്‍ പൃഥ്വിരാജിനെ ഷൂട്ടിന്‍റെ അവസാന ദിവസം കാണാനെത്തുന്നു, 'എന്തിന് വന്നു' എന്ന ചോദ്യം കേള്‍ക്കാനായി മത്രം,' എന്നാണ് സുപ്രിയ കുറിച്ചത്. 

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് എമ്പുരാന്‍റെ അവസാന ഷോട്ട് മലമ്പുഴ ഡാമിന് സമീപം ഷൂട്ട് ചെയ്​തത്. ഷൂട്ട് പൂര്‍ത്തിയായി എന്ന് പൃഥ്വിരാജ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആര്‍ട്ടിസ്​റ്റ് എന്ന നിലയ്​ക്ക് തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് എമ്പുരാനെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 14 മാസം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 മാര്‍ച്ച് 27ന് തിയറ്ററിലെത്തും.

ENGLISH SUMMARY:

Supriya Menon paid a surprise visit to Prithviraj on the last day of the Empuraan shoot