എമ്പുരാന് പാക്കപ്പ്. ഇന്ന് പുലര്‍ച്ചേ അഞ്ചരയോടെ മലമ്പുഴ ഡാമിന്‍റെ തീരത്ത് വച്ച് മോളിവുഡ് ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രത്തിന്‍റെ അവസാന ഷോട്ട് സംവിധായകന്‍ പൃഥ്വിരാജ് എടുത്തു. ഇനി 117 ദിവസത്തിന്‍റെ കാത്തിരിപ്പ്. അതു കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ എമ്പുരാന് കൊടിയേറ്റം.
പൃഥ്വിരാജിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കും ലൈക്ക് പ്രൊഡക്ഷന്‍സിനും നന്ദി പറഞ്ഞ് മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചു. ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് എമ്പുരാനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എംപുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്.
മറ്റ് മലയാളം സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ വമ്പന്‍ സ്കെയിലിലാണ് എമ്പുരാന് ഒരുങ്ങിയത്. 2023 ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ആണ് എമ്പുരാന്‍റെ ചിത്രീകരണം തുടങ്ങിയത്. ഷിംല, ലഡാക്ക്, യുഎസ്എ, ഇംഗ്ലണ്ട്, ഗുജറാത്ത്, ദുബായ്, റാസൽഖൈമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ , തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷം മലമ്പുഴയിൽ ഇന്ന് രാവിലെ അവസാന ഷോട്ട് എടുത്ത് അവസാനിപ്പിക്കുകയായിരുന്നു.14 മാസം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിന്‍റെ പ്രീക്വല്‍ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 മാര്‍ച്ച് 27ന് തിയറ്ററിലെത്തും.