സിനിമാപ്രേമികളുടെ ഹീറോയായി മാറിയിരിക്കുകയാണ് പന്തളം കുരമ്പാല സ്വദേശി രാഗേഷ് കൃഷ്ണന്‍. വിധി തളച്ചിട്ടിടത്തുനിന്ന് സ്വയം ഉയര്‍ത്തെഴുന്നേറ്റ് സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ഹീറോ. ഇപ്പോഴിതാ ആ ഹീറോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. സിനിമ സ്വപ്നം കണ്ട് നടക്കുന്ന, എന്നെ കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് തോന്നി മാറി നിൽക്കുന്ന ആളുകൾക്ക് മുന്നിലെ ഏറ്റവും വലിയ ഊർജമാണ് രാഗേഷെന്നാണ് അഭിലാഷ് പറയുന്നത്. ഷൂട്ടിംഗ് തിരക്കിനിടെ ഒരു ദിവസം സമയം കണ്ടെത്തി താന്‍ സിനിമ കാണുമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പടപൊരുതിയാണ് പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ തന്‍റെ സിനിമയുമായി എത്തിയിരിക്കുന്നത്. സിനിമയെന്ന ലക്ഷ്യത്തിനും രാഗേഷ് കൃഷ്ണന്‍റെ നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ആ മാറാരോഗവും കീഴടങ്ങുകയായിരുന്നു. ഒന്നരവര്‍ഷംകൊണ്ടാണ് രാഗേഷ് 'കളം @ 24' എന്ന സിനിമ ഒരുക്കിയത്.
കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനംചെയ്ത പരിചയമാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സസ്‌പെൻസ് ത്രില്ലർ സംവിധാനംചെയ്യാൻ പ്രാപ്തനാക്കിയത്. സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ പുറത്തിറക്കുന്നത്.
പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാഗേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ സ്വയം രോഗിയാണെന്ന് കരുതാൻ രാഗേഷ് ഇഷ്ടപ്പെട്ടില്ല. കുഞ്ഞുനാളിൽ കൂടെക്കൂടിയ സിനിമാപ്രേമം പ്രായം ഏറുന്നതനുസരിച്ച് വളർന്നു. അതിനായി പരിശ്രമിച്ചു. അവസാനം വിജയം ഉറപ്പിച്ചു. മന്ത്രി സജി ചെറിയാനും രാകേഷിനെ പറ്റി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു, ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാഗേഷ് പങ്കുവെച്ചതും മന്ത്രി പറയുന്നു.