മലയാള സിനിമ പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന എമ്പുരാന്‍റെ കഥ ഇപ്പോള്‍ പൂര്‍ണമായും അറിയാവുന്നത് നാലേ നാലുപേര്‍ക്കെന്ന് നടന്‍ നന്ദു.ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍, കഥയെഴുതിയ മുരളീഗോപി, സംവിധായകന്‍ പൃഥിരാജ്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് മാത്രം. സിനിമയിലെ വില്ലന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും നന്ദു പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദുവിന്‍റെ പ്രതികരണം.
മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് വേറൊരു മുഖം കൂടെ ഉണ്ടല്ലോ. ഇതിലും രണ്ട് കഥാപാത്രങ്ങളുണ്ട്. അതുകൊണ്ടു തന്നെ രണ്ട് ട്രാക്കുകളുമുണ്ട്. ഇതില്‍ ഏത് ട്രാക്ക്, എങ്ങനെയാ പോകുന്നതെന്ന് കാട് കയറി ചിന്തിക്കേണ്ട കാര്യം ഇല്ല. നമുക്ക് തന്നത് അഭിനയിച്ച് പോകുക എന്നതേയുള്ളൂ.ഇനി അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും എനിക്ക് അറിയേണ്ട എന്നേ ഞാന്‍ പറയൂ. സിനിമ തിയറ്ററില്‍ കാണുമ്പോള്‍ ഉള്ള ഒരു സുഖം ഇല്ലേ, അത് ഫീല്‍ ചെയ്താല്‍ മതി. കഥ അറിഞ്ഞാല്‍ ആ ഫീല്‍ പോയില്ലേ? ഈ സിനിമ തിയറ്ററില്‍ കാണുമ്പോഴുള്ള അപൂര്‍വഅനുഭവത്തിനായി കാത്തിരിക്കുകയാണെന്നും നന്ദു പറഞ്ഞു.
മോഹന്‍ലാല്‍–പൃഥിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.ലൂസിഫറില്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദു എമ്പുരാന്‍റെയും ഭാഗമാണ്.
അടുത്തിയെടാണ് എമ്പുരാന്‍റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകന്‍ പൃഥിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലമ്പുഴ ഡാമിന്‍റെ റിസർവോയറിനു സമീപം ആണ് അവസാന രംഗം ചിത്രീകരിച്ചത്. പുലർച്ചെ 5:35 നാണ് മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് തമ്പുരാന്‍റെ അവസാനത്തെ ഷോട്ട് പൂർത്തിയാക്കിയത്. 117 ദിവസങ്ങൾക്കുള്ളിൽ ചിത്രം തിയറ്ററുകളിൽ കാണാം’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.മാർച്ച് 27നാണ് സിനിമ റിലീസ് ചെയ്യുന്നത്.
2023 ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ആണ് എമ്പുരാന്‍റെ ചിത്രീകരണം ആരംഭിച്ചത്. അമേരിക്ക ബ്രിട്ടണ്‍, യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ചിത്രീകരണം നടന്നു. ലഡാക്ക് , ഷിംല, മുബൈ, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടായിരുന്നു. മോഹന്‍ലാല്‍–പൃഥിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.