തെലുങ്ക് നടന്‍ നാഗ ചൈതന്യ ശോഭിത ധൂലിപാലയെ താലിചാര്‍ത്തി. ഹൈദരാബാദിലായിരുന്നു തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താരവിവാഹം. ഇപ്പോഴിതാ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന വിവാഹ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. വൈകാരികമായ കുറിപ്പോടെ ശോഭിതയെ കുടംബത്തിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് നാഗാർജുന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
‘ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാഗേശ്വര റാവു ഗാരുവിന്‍റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്‍റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു’– നാഗാർജുന കുറിച്ചു.
സ്വർണനിറത്തിലുള്ള പട്ടുസാരിയായിരുന്നു ശോഭിതയുടെ വേഷം. പരമ്പരാഗത തെലുങ്ക് വരന്‍റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. ചിരജ്ജീവി, നയന്‍താര, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു