amala-paul

Image Credit: Instagram

വേമ്പനാട് കായലില്‍ വിവാഹവാര്‍ഷികം ആഘോഷമാക്കി നടി അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും. കായലിന്‍റെ നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു വിവാഹവാര്‍ഷികാഘോഷം. റൊമാന്‍റിക് തീമിലൊരുക്കിയ വേദിയില്‍ ഇരുവരുമൊന്നിച്ച് വിവാഹ വാര്‍ഷികം ആഘോഷമാക്കുന്ന വിഡിയോ അമല പോള്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം ഹൃദ്യമായൊരു കുറിപ്പും അമല പങ്കുവച്ചു. വിഡിയോ സൈബറിടത്ത് ശ്രദ്ധനേടുകയാണ്. 

കുമരകത്ത് വേമ്പനാട് കായലിന്‍റെ മനോഹാരിതയിലാണ് വിവാഹവാര്‍ഷികത്തിനുളള ഒരുക്കങ്ങള്‍ അമലയ്ക്കായി ഭര്‍ത്താവ് ജഗത് ഒരുക്കിയത്. കുഞ്ഞുമൊത്ത് ഹൗസ് ബോട്ടില്‍ കായല്‍ ഭംഗി ആസ്വദിക്കുന്ന താരദമ്പതികളെ കാണിച്ചുകൊണ്ടാണ് വിവാഹവാര്‍ഷിക വിഡിയോ ആരംഭിക്കുന്നത്. ശേഷം അമലയും ജഗതും സ്പീഡ് ബോട്ടില്‍ കായലില്‍ ഒരുക്കിയിരിക്കുന്ന വേദിയിലേക്ക് പോകുന്നതും വിഡിയോയില്‍ കാണാം. ശേഷം ഇരുവരുമൊന്നിച്ചുളള മനോഹരനിമിഷങ്ങളാണ് വിഡിയോയിലുളളത്.

അമല പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം

'എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍. എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്ന താങ്കളെ ലഭിച്ചതില്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് കുമരകത്തെ ഈ സര്‍പ്രൈസ് സമ്മാനം എന്നെ ഓര്‍മ്മപ്പെടുത്തുന്നു. എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്ത ദിവസം മുതല്‍ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്‍റെ എല്ലാ മുന്‍കാമുകന്മാരും യഥാര്‍ഥ പ്രണയം എന്തെന്ന് കാണുക' എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് അമല പോള്‍ കുറിച്ചത്.

2023 നവംബറിലായിരുന്നു അമല ജഗത് വിവാഹം. ഇരുവര്‍ക്കും അടുത്തിടെയാണ് ആണ്‍കുട്ടി ജനിച്ചത്. ഇളൈയ് എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞുമൊത്തുളള മനോഹരമായ നിമിഷങ്ങളും അമല ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആസിഫ് അലിക്കൊപ്പം അഭിനയിച്ച ലെവല്‍ ക്രോസാണ് അമലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

ENGLISH SUMMARY:

Amal Paul and her husband Jagat Desai celebrated their wedding anniversary amidst the beauty of Kumarakom backwaters.