പുഷ്പ തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കി തന്നതായി തോന്നുന്നില്ലെന്ന് ഫഹദ് ഫാസില്‍. സംവിധായകന്‍ സുകുമാറിനോടുള്ള സ്നേഹം കൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും തനിക്ക് താല്‍പര്യമുള്ള റോളുകള്‍ മലയാളത്തില്‍ ചെയ്യുന്നുണ്ടെന്നും താരം . ഫഹദ് മുമ്പ് കൊടുത്ത അഭിമുഖഭാഗമാണ് പുഷ്പ 2 ദി റൂള്‍ റിലീസിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
'പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. ഞാനിത് സംവിധായകൻ സുകു സാറിനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയേണ്ടതുണ്ട്. എനിക്കിത് മറച്ചു വക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുകയാണ്. ഇവിടെ ഞാൻ ആരോടും അനാദരവ് കാണിക്കുകയല്ല, ചെയ്ത വർക്കിനെക്കുറിച്ച് സംസാരിക്കുകയാണ്. ഞാൻ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണ്, അത് അത്രയേ ഉള്ളൂ. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെയാണ്, അത് വളരെ വ്യക്തമാണ്,' ഫഹദ് പറഞ്ഞു.
മലയാളത്തില്‍ ചെയ്യുന്നതുപോലെയുള്ള സിനിമകള്‍ വേറെ എവിടെയും ചെയ്യാനാവില്ലെന്നും അത്തരം റോളുകള്‍ ഇവിടെ ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഞാന്‍ വിലമതിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ അഞ്ചിനാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂള്‍ റിലീസ് ചെയ്തത്. രണ്ടാം ഭാഗത്തില്‍ ഫഹദിന്‍റെ കഥാപാത്രത്തെ മോശമാക്കി എന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ആദ്യഭാഗത്തിലെ ഫഹദിന്‍റെ വില്ലന്‍ കഥാപാത്രം അത്രയും സ്വാധീനം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായി പുഷ്പക്ക് നല്ല റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.