സംസ്ഥാന സ്കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ തുറന്നുപറച്ചില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശ ശരത് പറഞ്ഞു. സ്വന്തം ചെലവിലാണ് നാട്ടിലെത്തിയതെന്നും താരം വെളിപ്പെടുത്തി. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ ആരോപണം. നടിയുടെ പേര് വെളിപ്പെടുത്താതെയുളള മന്ത്രിയുടെ തുറന്നുപറച്ചില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് തുടക്കമിട്ടത്.
ആശ ശരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'കഴിഞ്ഞ പ്രാവശ്യം ഞാന്‍ കുട്ടികളെ പ്രാക്ടീസ് ചെയ്യിച്ച് അവരോടൊപ്പം പെര്‍ഫോം ചെയ്തിരുന്നു. പക്ഷേ ഞാന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിരുന്നില്ല. ഞാന്‍ ദുബായിയില്‍ നിന്നും സ്വയം ടിക്കറ്റെടുത്ത് വന്നാണ് അന്ന് കളിച്ചത്. എനിക്ക് കുട്ടികളോടൊപ്പം പെര്‍ഫോം ചെയ്യുന്നതില്‍ വലിയ സന്തോഷമായിരുന്നു. പ്രത്യേകിച്ച് സംസ്ഥാന സ്കൂള്‍ കലോല്‍സവം എന്നു പറയുന്നത് എല്ലാ കലാകാരന്‍മാരുടെയും കലാകാരികളുടെയും സ്വപ്നവേദിയാണ്. അവിടെ പുതിയ തലമുറയില്‍പ്പെട്ട കുട്ടികളോടൊപ്പം നൃത്തം ച ചെയ്യുക എന്നത് ഏറെ സന്തോഷമുളള കാര്യമാണ്'.
'ഞാന്‍ പ്രതിഫലം വാങ്ങാതെ തന്നെയാണ് പെര്‍ഫോം ചെയ്തിരുന്നത്. പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല. ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു സ്കൂൾ കലോത്സവത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. എനിക്ക് പണം വേണ്ട എന്നത് എന്‍റെ തീരുമാനമായിരുന്നു. എന്തെങ്കിലും ഡിമാന്‍ഡ്സ് ഉണ്ടോ എന്ന് അവരെന്നോട് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഞാന്‍ സ്വയം വന്ന് ചെയ്യാം എന്നത് ഞാന്‍ മുന്നോട്ട് വച്ച കാര്യമാണ്. പ്രതിഫലം വാങ്ങണോ വേണ്ടയോ എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്‍റെയും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ വാങ്ങുന്നതില്‍ എനിക്ക് താല്‍പര്യമില്ല, അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടായിരുന്നത്. കലോത്സവങ്ങളല്ലാതെ സർക്കാരിന്റെ മറ്റ് പരിപാടികളിൽ പെർഫോം ചെയ്യുമ്പോൾ കലാകാരന്മാർക്ക് കൃത്യമായ വേതനം തന്ന് തന്നെയാണ് അവർ ക്ഷണിക്കുന്നത്' എന്നാണ് ആശ ശരത് പറഞ്ഞത്. അതേസമയം സൈബറിടത്ത് 5 ലക്ഷം ആവശ്യപ്പെട്ട ആ നടി ആരാണെന്നുളള ചര്‍ച്ചകള്‍ സജീവമാണ്.