അതിവേഗം 500 കോടി കലക്ഷന്‍ എന്ന നേട്ടത്തിലെത്തിയതിനു പിന്നാലെ ഒരാഴ്ച കൊണ്ട് ആയിരം കോടിയിലെത്തുമോ ‘പുഷ്പ–2’? അവധി ദിവസമായ ഞായറാഴ്ച ചിത്രം 800 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.
ട്രേഡ് അനലിസ്റ്റ് രമേശ് ബാല എക്സില്‍ പങ്കുവച്ച പോസ്റ്റിലാണ് കലക്ഷന്‍ 800 കോടി കവിഞ്ഞ വിവരമുള്ളത്. ഇനി അതിവേഗം ആയിരം കോടി തികയ്ക്കുമെന്നും അവകാശവാദമുണ്ട്. ഹിന്ദി പതിപ്പ് ഇന്ത്യയില്‍ 80 കോടി രൂപയിലധികം കലക്ഷന്‍ നേടിക്കഴിഞ്ഞു.
ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി. ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) മാത്രം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 141.5 കോടി രൂപ നേടിയെന്നാണ് കണക്ക്. തെലുങ്കിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഹിന്ദി പതിപ്പിന്‍റെ കലക്ഷന്‍. എന്നാല്‍ ചിത്രം കണ്ടവരുടെ പ്രതികരണം സമ്മിശ്രമാണ്.
അല്ലു അർജുന്‍ പുഷ്പ–2ല്‍ അഭിനയിക്കാന്‍ 300 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കമൽഹാസൻ, രജനീകാന്ത്, വിജയ്, അജിത്, പ്രഭാസ് തുടങ്ങിയ സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഇരട്ടിയാണിത്.
അതിനിടെ പുഷ്പ–2 തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കി തന്നതായി തോന്നുന്നില്ലെന്ന് ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംവിധായകന്‍ സുകുമാറിനോടുള്ള സ്നേഹം കൊണ്ടാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും തനിക്ക് താല്‍പര്യമുള്ള റോളുകള്‍ മലയാളത്തില്‍ ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
ഫഹദ് ഫാസില്‍ പറഞ്ഞത്:
'പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. ഞാനിത് സംവിധായകൻ സുകു സാറിനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയേണ്ടതുണ്ട്. എനിക്കിത് മറച്ചുവയ്ക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുകയാണ്. ആരോടും അനാദരവ് കാണിക്കുകയല്ല. ചെയ്ത വർക്കിനെക്കുറിച്ച് സംസാരിക്കുകയാണ്. ഞാൻ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹംകൊണ്ടും മാത്രം ചെയ്ത പടമാണ്, അത് അത്രയേ ഉള്ളൂ. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെയാണ്, അത് വളരെ വ്യക്തമാണ്.'