രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ കിടക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വിഡിയോയാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക എന്നത് സ്ഥിരം ജോലിയാക്കിയവരുണ്ട്. എന്നാല്‍ ഇതിനിടെ ശ്രദ്ധിക്കേണ്ട പലതും വിട്ടുപോകുന്നു. വലിയ അപകടത്തിലേക്ക് വഴിവച്ചേക്കാവുന്ന കാര്യങ്ങള്‍ പോലും  ചെറിയൊരു റീലിന്‍റെ ചിത്രീകരണത്തിനിടെ  സംഭവിക്കുന്നുണ്ട് .  അത്തരമൊരു വിഡിയോ ഇപ്പോള്‍  സൈബറിടത്ത് വൈറലാണ്.

മഞ്ഞ് മൂടിയ വഴിവക്കില്‍ അതിമനോഹരമായ ഒരു റീല്‍ ചിത്രീകരണത്തിനൊരുങ്ങുകയാണ് ഒരമ്മ. കൂടെ രണ്ട് ചെറിയ മക്കളുമുണ്ട്. അമ്മ വിഡിയോയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇളയ കുഞ്ഞ് റോഡിലേക്ക് ഓടിപ്പോകുന്നു. തിരക്കുള്ള റോഡാണ് പിന്നില്‍ കാണുന്നത്. ഇത് എന്തായാലും ചേട്ടന്‍ കണ്ടു, അമ്മയെ പെട്ടെന്ന് വിളിച്ചു കാണിച്ചു, ഇരുവരും ഓടിച്ചെന്ന് കുട്ടിക്കുറുമ്പിയെ വാരിയെടുത്തു. ഇതോടെ ഒഴിവായത് വലിയ അപകടമാണ്.

വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെയാണെന്ന് വ്യക്തമല്ല. സംഭവം വൈറലാണ്. അമ്മയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് വന്നുനിറയുന്നത്. സഹോദരന്‍റെ സമയോചിതമായ ഇടപെടല്‍ പ്രശംസിക്കപ്പെടുന്നുമുണ്ട്. ‘കുഞ്ഞുങ്ങളുടെ സുരക്ഷ കൂടി നോക്കേണ്ടേ’ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ‘ഇത് അമേരിക്കയിലായിരുന്നുവെങ്കില്‍ അമ്മയെ മക്കളില്‍ നിന്ന് വേര്‍പിരിച്ച് ജയിലില്‍ ഇട്ടേനെ’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

Woman is making a reel as one of her children approaches a busy road. Video goes viral on social media.