ബീജദാനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് കൈല്‍ ഗോര്‍ഡി എന്ന മുപ്പത്തിരണ്ടുകാരന്‍. ഇതുവരെ 87 മക്കളാണ് ബീജദാനത്തിലൂടെ ഗോര്‍ഡിക്കുള്ളത്. അത് ഇക്കൊല്ലം നൂറിലെത്തിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗോര്‍ഡി ഇപ്പോള്‍. ഒരുപാട് കുഞ്ഞുങ്ങളുടെ അച്ഛനായിരിക്കുക എന്നത് ഏറ്റവും മഹത്തരമായ കാര്യമായാണ് കാണുന്നത് എന്നാണ് ഗോര്‍ഡി ഇതേക്കുറിച്ച് പ്രതികരിച്ചത്.
‘കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് വിധിയെഴുതപ്പെട്ട്, വിഷമിച്ചിരുന്നവര്‍ക്ക് ഇന്ന് കുഞ്ഞും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നു എന്നു കാണുമ്പോള്‍ അതിരറ്റ സന്തോഷമുണ്ട്. ലോകജനസംഖ്യയില്‍ സുപ്രധാനമായ മാറ്റമുണ്ടാക്കാന്‍ എന്നിലൂടെ കഴിയുന്നു എന്നതും അത്രത്തോളം സന്തോഷം ജനിപ്പിക്കുന്നുണ്ട്. ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ. എത്ര കുട്ടികളുടെ അച്ഛനാകണം എന്നതില്‍ കൃത്യമായ തീരുമാനമൊന്നും ഞാനെടുത്തിട്ടില്ല. സ്ത്രീകള്‍ക്ക് എന്‍റെ സഹായം ആവശ്യമുള്ളിടത്തോളം ഞാനിത് തുടരും’ എന്നാണ് ഗോര്‍ഡി വ്യക്തമാക്കിയിരിക്കുന്നത്.
ഗോര്‍ഡിയുടെ ഏറ്റവും മൂത്ത കുട്ടിക്ക് പത്ത് വയസ്സുണ്ട്. സൗജന്യ സേവനമായാണ് ഗോര്‍ഡ് ബീജദാനം നടത്തുന്നത്. ഇതിനായി ഒരു വെബ്സൈറ്റുമുണ്ട്. നിലവില്‍ ഇംഗ്ലണ്ട്, സ്കോട്‌ലന്‍റ്, സ്വീഡന്‍, നോര്‍വേ എന്നിവിടങ്ങളില്‍ ഗോര്‍ഡിയുടെ 14 കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥയിലുണ്ട്. 2025ല്‍ ഒരുപാട് യാത്രകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ഗോര്‍ഡി പറയുന്നത്. ജപ്പാന്‍, അയര്‍ലന്‍റ്, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ലിസ്റ്റിലുള്ളത്. ഇവിടെയുള്ള ചില സ്ത്രീകളുമായി സംസാരിച്ചിരുന്നു. ജപ്പാനിലും അയര്‍ലന്‍റിലും ഇതുവരെ എനിക്ക് മക്കളില്ല. യു.കെ, യു.എസ് തുടങ്ങി ചില രാജ്യങ്ങളിലേക്കും പോകാനുണ്ട് എന്നും ഗോര്‍ഡി പറയുന്നു. അയര്‍ലന്‍റിനോട് പ്രത്യേക താല്‍പര്യമുണ്ടെന്നും ഗോര്‍ഡി.
‘എനിക്ക് അയര്‍ലന്‍റ് ഒരുപാട് ഇഷ്ടമാണ്. ഒരു ഐറിഷുകാരിയെ വിവാഹം കഴിക്കുന്നതിനോടും എതിര്‍പ്പില്ല. ആ രാജ്യത്തോട് ഒരു പ്രത്യേക താല്‍പര്യമുണ്ട്. പലതവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. പക്ഷേ, ബീജംദാനം ചെയ്യാൻ ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. ഇത്തവണ ആദ്യമായിട്ടാണ് ഈ ആവശ്യവുമായി എത്തുന്നത്. എന്റെ കുട്ടികളിൽ ഒരാളുടെ അമ്മ ഡബ്ലിനിൽ നിന്ന് ആണ്, അവർ അയർലാൻന്‍റിൽ മിക്കപ്പോഴും വരാറുണ്ട്. അതുകൊണ്ടു തന്നെ, എന്റെ ചില കുടുംബാംഗങ്ങൾ അവിടെ ഇതിനകം ഉണ്ടെന്ന് എനിക്കറിയാം.
ഇവിടെ സ്ഥിരതാമസമാക്കാന്‍ എനിക്കിഷ്ടമാണ്. ലോകം മുഴുവന്‍ സഞ്ചരിക്കാനും മടിയില്ല. എന്നെ ആവശ്യമുള്ളിടത്ത് എനിക്ക് എത്തിപ്പെടാന്‍ കഴിയണം. ലോകത്തെവിടെയും എന്‍റെ മക്കളുണ്ട്. അതിലെനിക്ക് അഭിമാനമാണ്. ആര്‍ക്കും ഇതൊന്നും അത്ര പെട്ടെന്ന് വിശ്വസിക്കാന് പോലുമാകില്ല. 2026 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലും എനിക്ക് മക്കളുണ്ടാകും. അതാണ് എന്‍റെ ലക്ഷ്യം’ ഗോര്‍ഡി തന്‍റെ ഭാവിയെക്കുറിച്ച് പറഞ്ഞുവയ്ക്കുന്നു.