TOPICS COVERED

മകൻ മഞ്ജു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ പ്രശസ്ത തെലുങ്ക് ‌നടന്‍ മോഹൻ ബാബു പരാതി നല്‍കിയതോടെ താര കുടുംബത്തിലെ തര്‍ക്കം സിനിമാലോകത്ത് ചര്‍ച്ചയാണ്. തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മകന്‍ മനോജും ഭാര്യയും തന്‍റെ വീട് ബലമായി പിടിച്ചടക്കിയെന്നുമായിരുന്നു മോഹന്‍ ബാബുവിന്‍റെ പരാതി. ഇതിനിടെ ഇരുവരും തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

ചൊവ്വാഴ്ച വൈകുന്നേരം ജൽപള്ളിയിലെ വസതിയിൽ വച്ച് മോഹൻ ബാബുവും മകനും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനും വാര്‍ത്താ സമ്മേളനത്തിനുമായെത്തിയ മാധ്യമപ്രവർത്തകര്‍ക്കും മര്‍ദനമേറ്റു. ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍റെ മൈക്ക് പിടിച്ചു വാങ്ങി അടിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളിൽ മോഹന്‍ബാബു മൈക്ക് തട്ടിപ്പറിക്കുന്നതിന്‍റെയും മാധ്യമപ്രവർത്തകരിലൊരാളുടെ തലയ്ക്കടിക്കുന്നതിന്‍റെയും ദൃശ്യങ്ങളുണ്ട്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു വീടിനുള്ളില്‍ നിന്നു പുറത്താക്കി.

മുഖത്തടിയേറ്റതിനെ തുടര്‍ന്നു ഗുരുതര പരുക്കേറ്റ രഞ്ജിത്ത് കുമാറെന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍റെ പരാതിയില്‍ രചകോണ്ട പൊലീസ് നടനെതിരെ കേസെടുത്തു. തങ്ങൾ ജോലിചെയ്യുമ്പോള്‍ നടൻ മോഹൻ ബാബു ഞങ്ങളെ ആക്രമിക്കുകയായിരുന്നെന്നും. ബലമായി മൈക്ക് പിടിച്ചുവാങ്ങുകയും അസഭ്യം പറയുകയും പ്രകോപനം കൂടാതെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്നുമാണ് പരിക്കേറ്റ മാധ്യമപ്രവർത്തകന്‍റെ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് മോഹൻ ബാബുവിന്‍റെ വീടിന് മുന്നിൽ മാധ്യമപ്രവർത്തകർ കുത്തിയിരിന്ന് പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തെ ഡൽഹി തെലുങ്ക് ജേണലിസ്റ്റ് അസോസിയേഷൻ (ഡിടിജെഎ) അപലപിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന മഞ്ജു കുടുംബത്തില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മോഹന്‍ ബാബു മകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മകന്‍ അച്ഛനെതിരെയും ക്രിമിനല്‍ കേസ് നല്‍കി. തന്‍റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും മകൻ മനോജ് കുമാർ മഞ്ചുവും മരുമകൾ മോണിക്കയും ചേർന്ന് തന്‍റെ വസതി അനധികൃതമായി കൈവശപ്പെടുത്തിയെന്നുമാണ് മോഹൻ ബാബു ആരോപിക്കുന്നത്. രാത്രി അജ്ഞാതരായ പത്ത് പേർ തന്‍റെ വീട്ടിൽ അതിക്രമിച്ചുകയറിയെന്നും അവര്‍ നടത്തിയ കയ്യേറ്റത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും എതിർ പരാതിയിൽ മനോജ് ആരോപിച്ചു. അതിനിടെ മകന്റെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ മോഹന്‍ ബാബുവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ENGLISH SUMMARY: