പുഷ്പ–2 തീയറ്ററുകളില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് അതിനാടകീയമായി തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. പുഷ്പ–2ന്‍റെ റിലീസ് ദിനമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസിലാണ് അല്ലു അര്‍ജുനെ ഹൈദരാബാദ് സ്പെഷല്‍ ടാസ്ക് അറസ്റ്റ് ചെയ്തതും. രണ്ടാഴ്ചത്തേക്ക് താരത്തെ റിമാന്‍ഡില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അല്ലു അര്‍ജുന്‍ രാഷ്ട്രീയത്തിലേക്കെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.



പുഷ്പ–2വിന്‍റെ വിജയാഘോഷത്തിനായി ഡല്‍ഹിയിലെത്തി അല്ലു അര്‍ജുന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്നും രാഷ്ട്രീയപ്രവേശം ചര്‍ച്ച ചെയ്തുവെന്നുമാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അല്ലു അര്‍ജുന്‍ പ്രശാന്ത് കിഷോറിനെ കണ്ട വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് നീക്കം തടയുന്നതിനായാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നു. എന്നാാല്‍ അല്ലു അര്‍ജുന്‍റെ ടീം ഈ വാര്‍ത്തകളാകെ നിഷേധിച്ച് രംഗത്തെത്തി. അല്ലു രാഷ്ട്രീയത്തിലേക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പറയാനുള്ള കാര്യങ്ങള്‍ താരം തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നുമായിരുന്നു സമൂഹമാധ്യമക്കുറിപ്പ്.



പുഷ്പ–2ന്‍റെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെ അല്ലു നടത്തിയ പ്രസംഗവും ആരാധകര്‍ രാഷ്ട്രീയ പ്രവേശത്തിന്‍റെ സൂചനകളായി കണ്ടു. 'സംഖ്യകള്‍ താല്‍ക്കാലികമാണ്, സ്നേഹമാണ് ഹൃദയത്തിലെന്നും നിലനില്‍ക്കുക. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഇപ്പോള്‍ ഇവിടെ ഞാന്‍ നില്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഈ റെക്കോര്‍ഡ് തകരും. അത് തെലുങ്കോ, തമിഴോ, ഹിന്ദിയോ ഏത് ഭാഷയെന്നത് പ്രശ്നമല്ല. അതാണ് പുരോഗതി. ഇന്ത്യ മുന്നേറുന്നുവെന്നാണ് അതിനര്‍ഥം. എത്രയും വേഗം ഈ റെക്കോര്‍ഡ് തകരട്ടെ. കാരണം അതാണ് വളര്‍ച്ച, എനിക്ക് വളര്‍ച്ച ഇഷ്ടമാണ്. ഭാവിയില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയാകുമെന്ന് ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യ ലോകത്തില്‍ തന്നെ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന കാര്യമാകുമെന്നും താരം ഡല്‍ഹിയില്‍ വച്ച് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ക്ക് പിന്നാലെ 'യെ നയാ ഭാരത് ഹെ, യെ അബ് റുഖേംഗാ നഹി, യെ കഭി ഝുഖേഗാ നഹി ( ഇത് പുതിയ ഇന്ത്യയാണ്. ഇത് നിലച്ച് പോവുകയോ, ആര്‍ക്കും മുന്‍പില്‍ കുനിയുകയോ ഇല്ല) എന്നും താരം കൂട്ടിച്ചേര്‍ത്തു.



2021ലാണ് പുഷ്പ–ദ് റൈസ് റിലീസ് ചെയ്തത്. ഇതിന്‍റെ തുടര്‍ച്ചയാണ് പുഷ്പ– ദ് റൂള്‍. അല്ലു അര്‍ജുനും രശ്മികയും ഫഹദ് ഫാസിലുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഒരാഴ്ച കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം പുഷ്പ–2 കലക്ട് ചെയ്തത് 770 കോടി രൂപയാണ്.

ENGLISH SUMMARY:

Allu Arjun to join politics? his visit to the Nation’s capital stirred rumours of the actor venturing into politics. Speculations also stated that the actor met political leader Prashant Kishor in Delhi to discuss political plans.