നയന്‍താരയും ധനുഷും തമ്മിലുള്ള പ്രശ്നം നീണ്ടുനീണ്ട് പോകുകയാണ്. അവരവരുടെ ഭാഗങ്ങള്‍ വ്യക്തമാക്കി ഇരുവരും മുന്നോട്ടുവരുന്നുണ്ടെങ്കിലും എന്താണ് ഇവര്‍ക്കിടയിലെ യഥാര്‍ഥ പ്രശ്നമെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇക്കാര്യത്തില്‍ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്കുവേണ്ടി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിലാണ് നയന്‍താര മനസ്സ് തുറക്കുന്നത്.

ധനുഷിനെതിരെ ഇങ്ങനെ തുറന്നടിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന ചോദ്യത്തിന്, ഇക്കാര്യം സംസാരിക്കാന്‍ താല്‍പര്യമില്ല പക്ഷേ ചിലതൊക്കെ പറയേണ്ടതുണ്ട് എന്ന മുഖവുരയോടെ താരം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് നയന്‍താര ആദ്യമേ വ്യക്തമാക്കുന്നത്. 

ALSO READ; 'നയന്‍താരയുടെ പ്രേമം കാരണം കോടികള്‍ നഷ്ടം; സെറ്റില്‍ വൈകിയെത്തി'; ഗുരുതര ആരോപണങ്ങളുമായി ധനുഷ്

‘ശരിയാണ് എന്ന് എനിക്കുറപ്പുള്ള കാര്യം ചെയ്യാന്‍ ഞാന്‍ എന്തിന് പേടിക്കണം? തെറ്റ് ചെയ്താലല്ലേ ഭയക്കേണ്ടതുള്ളൂ. പബ്ലിസിറ്റിക്കു വേണ്ടി മറ്റൊരാളെ ഇകഴ്ത്തുന്നതരം പ്രവര്‍ത്തികള്‍ ചെയ്യുന്നയാളല്ല ഞാന്‍. ഡോക്യുമെന്‍ററിക്കു വേണ്ടിയുള്ള പി.ആര്‍ വര്‍ക്കാണിതെന്നു വരെ പറഞ്ഞവരുണ്ട്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കണം ഇതൊരു സിനിമയല്ല, ഡോക്യുമെന്‍ററിയാണ്. അത് കാണാന്‍ താല്‍പര്യമുള്ളവര്‍ മാത്രമേ കാണൂ. 

ഞാന്‍ പൊതുമധ്യത്തില്‍ തുറന്നു സംസാരിച്ചതാണ് പ്രശ്നമായത്. പല വഴികളിലൂടെ ധനുഷിനോട് സംസാരിക്കാന്‍ ശ്രമിച്ചതാണ്. എന്തെങ്കിലും സഹായം അഭ്യര്‍ഥിച്ചു ഒരാളെ വിളിച്ച് ശല്യപ്പെടുത്തുന്ന ആളല്ല ഞാന്‍. ഡോക്യുമെന്‍റിക്കു വേണ്ടി സിനിമയിലെ പാട്ടില്‍ വിഘ്നേഷ് തന്നെ എഴുതിയ നാലു വരികള്‍ക്കു വേണ്ടിയാണ് ധനുഷിനെ സമീപിച്ചത്. മറ്റാരെക്കാള്‍ ആദ്യം ധനുഷ് ഇക്കാര്യം സമ്മതിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അതുണ്ടായില്ല. പിന്നീട് വിഡിയോ ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു, അത് അദ്ദേഹത്തിന്‍റെ ചിത്രമാണ് അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്. 

വിഡിയോ കിട്ടിയില്ല. എന്നാല്‍ അദ്ദേഹത്തോട് എനിക്ക് സംസാരിക്കണമായിരുന്നു. മറ്റൊന്നിനുമല്ല, എന്താണ് പ്രശ്നമെന്ന് അറിയാന്‍, എന്തിനാണ് ഞങ്ങളോട് ദേഷ്യം എന്നറിയാന്‍ വേണ്ടി മാത്രം. ഒരു ഫോണ്‍ സംഭാഷണം പോലും സാധ്യമായില്ല. ഇങ്ങനെയായിരുന്നില്ല ഞങ്ങള്‍. എങ്ങനെയാണ് പത്തു വര്‍ഷത്തിനകം എല്ലാം മാറിമറിഞ്ഞതെന്ന് അറിയില്ല. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അത് തിരുത്തണമല്ലോ. എവിടെയെങ്കിലും വച്ച് കണ്ടാല്‍ പരസ്പരം അഭിവാദ്യം ചെയ്യണം. അതിനുവേണ്ടിയാണ് ധനുഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്’ എന്നാണ് വിവാദത്തെക്കുറിച്ച് നയന്‍താര പറഞ്ഞത്.

ENGLISH SUMMARY:

Nayanthara opens up about the controversies with actor Dhanush.