ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം താന്‍ ചൂടിയതല്ല, ജനങ്ങള്‍ ചൂടിച്ചതാണെന്നും ആ ടൈറ്റില്‍ ഉപയോഗിക്കുന്നതിനോട് തനിക്ക് താല്‍പര്യമേയില്ല എന്നും വ്യക്തമാക്കി നയന്‍താര. താന്‍ അഭിനയിച്ച ചിത്രങ്ങളുടെ നിര്‍മാതാക്കളോടും സംവിധായകരോടും ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ ടൈറ്റില്‍ ചിത്രത്തില്‍ ഉപയോഗിക്കരുതേ എന്ന് കേണപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അവരാരും അത് ചെവികൊണ്ടില്ല എന്നാണ് താരം പറയുന്നത്.
ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്കുവേണ്ടി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിലാണ് നയന്‍താരയുടെ തുറന്നുപറച്ചില്‍. അതെന്താണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ഉപയോഗിക്കരുത് എന്നുപറയാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് പേടിയാണ്’ എന്നായിരുന്നു അവതാരകയ്ക്ക് നയന്‍താര നല്‍കിയ മറുപടി.
ALSO READ; ‘എന്തിന് പേടിക്കണം; ഞാന്‍ അത്തരക്കാരിയല്ല; ഇങ്ങനെയായിരുന്നില്ല ഞങ്ങള്‍’
‘ഒരു ടൈറ്റിലോ ടാഗോ കൊണ്ടല്ല എന്‍റെ കരിയര്‍ എന്താണെന്ന് ബോധ്യപ്പെടേണ്ടത്. ആരുടെയെങ്കിലും ടൈറ്റില്‍ പിടിച്ചുപറ്റണമെന്ന ആഗ്രഹവുമുണ്ടായിട്ടില്ല. അത് എന്നെ സംബന്ധിച്ച് ഒന്നുമല്ല. ഒരുപക്ഷേ ആളുകള്‍ക്ക് എന്നോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് അങ്ങനെ വിളിക്കുന്നതാവാം. അല്ലാതെ ഒരു ദിവസം രാത്രി മുഴുവന്‍ ആലോചിച്ച് പിറ്റേദിവസം മുതല്‍ ഇനി എന്നെ ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞതൊന്നുമല്ല.
ALSO READ; 'നയന്‍താരയുടെ പ്രേമം കാരണം കോടികള്‍ നഷ്ടം; സെറ്റില്‍ വൈകിയെത്തി'; ഗുരുതര ആരോപണങ്ങളുമായി ധനുഷ്
ഇക്കാലത്ത് ആരെയും ഒരുതരത്തിലും പറ്റിക്കാനാവില്ല. ഞാന്‍ മികച്ച നടിയോ, നര്‍ത്തകിയോ ഒന്നുമായിരിക്കില്ല, പക്ഷേ ഞാന്‍ ഇതാ ഇവിടെയാണിപ്പോള്‍. എന്‍റെ കഠിനാധ്വാനമോ ആളുകള്‍ക്ക് എന്നോടുള്ള സ്നേഹമോ ഒക്കെയായിരിക്കാം എന്നെ ഇവിടെ എത്തിച്ചത്. ശരിക്കും ജീവിതത്തില്‍ വിജയിച്ച സ്ത്രീകളോട് മറ്റുള്ളവര്‍ക്ക് എന്തോ പ്രശ്നമുണ്ട്, അത് എന്താണെന്ന് എനിക്ക് വ്യക്തമായിട്ടില്ല, പക്ഷേ എന്തോ പ്രശ്നമുണ്ട് എന്നുമാത്രം അറിയാം. അസൂയ പോലെ എന്തോ ഒന്ന് അത് എന്താണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ എനിക്കറിയില്ല. ഇതൊക്കെ തരണം ചെയ്ത് പോകുന്നത് വലിയ ബുദ്ധിമുട്ടാണ്’ എന്നും നയന്‍താര അഭിമുഖത്തില്‍ പറയുന്നു.