allu-arjun-pushpa

TOPICS COVERED

പുഷ്പ2 തിയേറ്ററില്‍ നിന്ന് പണം വാരുമ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാവുകയാണ്. തുടക്കത്തില്‍ 282.90 കോടിയുടെ റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ ആയിരം കോടി ക്ലബില്‍. അതാകട്ടെ വെറും  ഏഴു ദിവസം കൊണ്ട് .  11ദിവസമെത്തിയപ്പോള്‍  കലക്ഷന്‍ 1322 കോടിയിലെത്തി. ഈ കണക്കിനൊപ്പം നായകന്‍ അല്ലു അര്‍ജുന്‍റെ സമ്പാദ്യം കൂടിയൊന്ന് നോക്കിയാല്‍ ചിലപ്പോള്‍ കണ്ണുതള്ളും. 

300 കോടി രൂപയോളമാണ് അല്ലു അര്‍ജുന്‍ പുഷ്പ2 വില്‍ അഭിനയിച്ചതിന് കൈപ്പറ്റിയ ശമ്പളമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും  വേതനം പറ്റുന്ന താരമാണ് അല്ലു. വെറും സിനിമ താരം മാത്രമല്ല അല്ലു, നിക്ഷേപകനും സംരംഭകനുമായ അല്ലുവിന്‍റെ ആസ്തി ഏകദേശം 460 കോടി രൂപയായാണ് . അതേസമയം, 6000 കോടി രൂപയോളം ആസ്തിയുള്ളതാണ് അല്ലുവിന്‍റെ കുടുംബം.

സിനിമയില്‍ തന്നെ ഒട്ടേറെ സംരംഭങ്ങള്‍  അല്ലു അര്‍ജുന്‍റേതായുണ്ട്. 2023 ല്‍ ഹൈദരാബാദില്‍ ആരംഭിച്ച AAA എന്ന മള്‍ട്ടിപ്ലെക്സ് ഒരു ഉദാഹരണം. ഇത് രാജ്യമൊട്ടാകെയുള്ള മള്‍ട്ടിപ്ലെക്സ് ചെയിനാക്കി ഉയര്‍ത്തുകയാണ് താരത്തിന്‍റെ ലക്ഷ്യം. 2022 ല്‍ അല്ലു സ്റ്റുഡിയോ എന്ന പേരില്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരുന്നു. പത്ത് ഏക്കറോളം നീണ്ടു കിടക്കുന്ന സ്റ്റുഡിയോ മുത്തച്ഛന്‍ അല്ലു രാമലിംഗയ്യയോടുള്ള ആദരസൂചകമായാണ് ആരംഭിച്ചത്. സിനിമ, ടെലിവിഷന്‍ പ്രൊഡക്ഷന്‍ ജോലികളാണ് സ്റ്റുഡിയോയില്‍ നടക്കുന്നത്. 

2020 അഹ എന്ന ഒടടി പ്ലാറ്റഫോമിന്‍റെ ഭാഗമാണ് അല്ലു അര്‍ജുന്‍. പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ് ഈ കമ്പനിയുടെ സഹസ്ഥാപകനാണ്. ഹൈലൈഫ് ബ്രോയിങ് കമ്പനി എന്ന പേരില്‍ ഹൈദരാബാദിലെ ജൂബ്‍ലി ഹില്‍സില്‍ പാര്‍ട്ടി ഹോട്ട്സ്പോട്ടും അല്ലു അര്‍ജുന്‍ ആരംഭിച്ചിട്ടുണ്ട്.  ഹൈദരാബാദ് ആസ്ഥാനമായുള്ള കോള്‍ഹെല്‍ത്ത് സര്‍വീസ് എന്ന സ്റ്റാര്‍ട്ട് അപ്പിലും അല്ലു അര്‍ജുന് നിക്ഷേപമുണ്ട്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ സര്‍വീസും നല്‍കുന്ന കമ്പനിയാണിത്. 

ബ്രാന്‍ഡ് വാല്യുവില്‍ ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ മുന്നില്‍ തന്നെയാണ് അല്ലു. 2.68 കോടി ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുനുള്ളത്. ഈ ഫാന്‍ബേസ് താരത്തിന്‍റെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നുണ്ട്. പ്രമോഷനല്‍ പോസ്റ്റുകള്‍ക്ക് മാത്രം ലക്ഷങ്ങളാണ് താരം ഈടാക്കുന്നത്. പ്രധാന ബ്രാന്‍ഡുകളായ കെഎഫ്സി, ഫ്രൂട്ടി, റെഡ്‍ബസ്, ഹീറോമോട്ടോക്രോപ്, ഹോട്ട്സ്റ്റാര്‍, റാപിഡോ തുടങ്ങിയ ബ്രാന്‍ഡുകളുമായി താരത്തിന് പങ്കാളിത്തമുണ്ട്. ഓരോ ഡീലിനും 6-7 കോടി രൂപ വരെയാണ് താരം ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ആഡംബരത്തിന്‍റെ രൂപമാണ് ജൂബിലി ഹില്‍സിലെ ബംഗ്ലാവ്. 8000 ചതുരശ്ര അടിയുള്ള വസ്തുവിന് 100 കോടി മൂല്യമാണ് കണക്കാക്കുന്നത്. പ്രൈവറ്റ് ജെറ്റും ഒട്ടേറെ ആഡംബരകാറുകളും അര്‍ജുന്‍റെ പോര്‍ട്ട്ഫോളിയോയിലുണ്ട്. സംരംഭകയായ ഭാര്യ സ്നേഹ റെഡ്ഡിയുടെ ആസ്തി 42 കോടി രൂപയാണ് 

ENGLISH SUMMARY:

Allu Arjun earned Rupess 300 crore from Pushpa 2. Know his networth, properties and investments.